2022, മാർച്ച് 16, ബുധനാഴ്‌ച

എന്താണ് നാറ്റ പരീക്ഷ, അഭിമുഖീകരിക്കാനുള്ള യോഗ്യത എന്താണ്?

 


ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ അഭിമുഖീകരിക്കേണ്ട അഭിരുചിപരീക്ഷയാണ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ).

പ്ലസ്ടുതല യോഗ്യതാപരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 10+3 ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. നാറ്റ നടക്കുന്ന വര്‍ഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവരെയും പരീക്ഷയ്ക്ക് അനുവദിക്കാറുണ്ട്.

2021-ല്‍ നടത്തിയ നാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍: 

പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നു മണിക്കൂറാണ്. ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചിപരീക്ഷ. പരീക്ഷയുടെ ഒരു രൂപരേഖയാണ് ബ്രോഷറില്‍ നല്‍കിയിട്ടുള്ളത്. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടൈപ്പ് (ഒരു ശരിയുത്തരംമാത്രം), മള്‍ട്ടിപ്പിള്‍ സെലക്ട് ടൈപ്പ് (എട്ടുമുതല്‍ 10 വരെ ഉത്തരങ്ങള്‍ നല്‍കും, 4/5 ശരിയുത്തരം ഉണ്ടാകും. അവ കണ്ടെത്തണം), പ്രിഫറന്‍ഷ്യല്‍ ചോയ്‌സ് ടൈപ്പ് (ഓരോ ഉത്തരത്തിനും നിശ്ചിത മാര്‍ക്ക് ലഭിക്കും), ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് (ഒരു സംഖ്യ ഉത്തരമായി വരുന്നവ), മാച്ച് ദ ഫോളോയിങ് ടൈപ്പ് (ചേരുംപടി ചേര്‍ക്കുക) തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളും ഉണ്ടാകും. മൊത്തം 125 ചോദ്യങ്ങള്‍. ഒരു മാര്‍ക്കിന്റെ 75, രണ്ടു മാര്‍ക്കിന്റെ 25, മൂന്നു മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. മൊത്തം മാര്‍ക്ക് 200. യോഗ്യത നേടാന്‍ 75 മാര്‍ക്ക് വാങ്ങണം. സംവരണവിഭാഗക്കാര്‍ക്ക് യോഗ്യതാമാര്‍ക്കില്‍ ഇളവില്ല. നാറ്റയ്ക്ക് ഡ്രോയിങ് ടെസ്റ്റ് ഇല്ല.

ചോദ്യങ്ങള്‍, വിവിധ മേഖലകളിലെ-ഡയഗ്രമാറ്റിക് റീസണിങ്, ന്യൂമറിക്കല്‍ റീസണിങ്, വെര്‍ബല്‍ റീസണിങ്, ഇന്‍ഡക്ടീവ് റീസണിങ്, സിറ്റുവേഷന്‍ ജഡ്ജ്‌മെന്റ്, ലോജിക്കല്‍ റീസണിങ്, അബ്‌സ്ട്രാക്ട് റീസണിങ്-വിദ്യാര്‍ഥിയുടെ അഭിരുചി അളക്കുന്നവയാകും. ബേസിക് കണ്‍സപ്റ്റ്‌സ് ഇന്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ആന്‍ഡ് ജ്യോമട്രി; ലാംഗ്വേജ് ആന്‍ഡ് ഇന്റര്‍പ്രറ്റേഷന്‍; എലമന്റ്‌സ് ആന്‍ഡ് പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസൈന്‍; ഏസ്തറ്റിക് സെന്‍സിറ്റിവിറ്റി, കളര്‍ തിയറി, ലാറ്ററല്‍ തിങ്കിങ് ആന്‍ഡ് ലോജിക്കല്‍ റീസണിങ്, വിഷ്വല്‍ പെര്‍സപ്ഷന്‍ ആന്‍ഡ് കൊഗ്‌നീഷന്‍, ഗ്രാഫിക്‌സ് ആന്‍ഡ് ഇമേജറി, ബില്‍ഡിങ് അനാട്ടമി ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ വൊക്കാബുലറി, ബേസിക് ടെക്‌നിക്‌സ് ഓഫ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് നോളജ് ഓഫ് മെറ്റീരിയല്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നിവയുള്‍പ്പടെയുള്ള മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. 2022 പ്രവേശനത്തിന്റെ പ്രാഥമിക അറിയിപ്പ് വന്നിട്ടുണ്ട്. മൂന്നുതവണ നാറ്റ നടത്തും. ജൂണ്‍ 12, ജൂലായ് മൂന്ന്, ജൂലായ് 24. 2022-ലെ വിശദാംശങ്ങള്‍ വരുമ്പോള്‍ അവ പരിശോധിക്കുക.

0 comments: