2022, മാർച്ച് 24, വ്യാഴാഴ്‌ച

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നിങ്ങള്‍ക്കും ഉപയോഗിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

 

പൊതുസ്ഥലങ്ങളില്‍ വൈഫൈ സേവനം ലഭിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. നമ്മുടെ പല പൊതു ഇടങ്ങളിലും ഇന്ന് പബ്ലിക്ക് വൈഫൈ ലഭ്യമാണ്. ബസ്റ്റാന്റുകളിലും പാര്‍ക്കുകളിലും സൌജന്യ വൈഫൈ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തന്നെ ഇത്തരത്തിലുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ നടപടിയുടെ ഭാഗം തന്നെയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനങ്ങള്‍ നല്‍കുന്നത്.

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 6,100 റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് സൗജന്യവും മികച്ച വേഗത നല്‍കുന്നതുമായ വൈഫൈ ആക്സസ് ചെയ്യാന്‍ കഴിയും.ഇതില്‍ 5,000 റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലാണുള്ളത്. അവിടങ്ങളില്‍ പോലും വൈഫൈ സേവനം ലഭ്യമാക്കി എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ പല വിദൂര റെയില്‍വേ സ്റ്റേഷനുകളിലും കശ്മീര്‍ താഴ്‌വരയിലെ 15 റെയില്‍വേ സ്റ്റേഷനുകളിലും പോലും സൌജന്യ വൈഫൈ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി സൌജന്യ വൈഫൈയിലേക്ക് കണക്റ്റ് ചെയ്താല്‍ ആദ്യത്തെ 30 മിനിറ്റ് മാത്രമാണ് ഈ സൗജന്യ വൈഫൈയിലേക്കുള്ള ആക്‌സസ് ലഭിക്കുന്നത്. ഈ അരമണിക്കൂറില്‍ ഉപയോക്താക്കള്‍ക്ക് 1 എംബിപിഎസ് വേഗതയില്‍ വൈഫൈ ആക്‌സസ് ചെയ്യാന്‍ കഴിയും. അര മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നീട് അടുത്ത ദിവസം മാത്രമേ ഈ വൈഫൈ ആക്സസ് ലഭിക്കുകയുല്ലു. ഈ ടൈം ലിമിറ്റ് കഴിഞ്ഞ് വളരെ കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് അതിവേഗ വൈഫൈ കണക്ഷന്‍ ഉപയോഗിക്കാവുന്നതാണ്.

വൈഫൈ

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലെ വൈഫൈ കണക്റ്റിവിറ്റിയുടെ ഉത്തരവാദിത്തം റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്ലിനാണ്. റെയില്‍വേയുടെ മിനി രത്‌ന കമ്ബനിയായ റെയില്‍ടെല്‍ 'റെയില്‍വയര്‍' എന്ന പേരില്‍ ബ്രോഡ്ബാന്റ് സേവനവും നല്‍കുന്നുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും ലഭ്യമാകുന്ന സാധാരണ ഫൈബര്‍ ബ്രോഡ്ബാന്റ് സേവനത്തിന് സമാനമായ സംവിധാനമാണ്. ഇതിനകം തന്നെ റെയില്‍വയര്‍ കേരളം അടക്കമുള്ള ഇടങ്ങളില്‍ ജനപ്രിതി നേടിയിട്ടുണ്ട്. റെയില്‍ടെല്‍ നിലവില്‍ 6,100 റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കുന്ന വൈഫൈ സേവനം ഇനി മുതല്‍ ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെയുള്ള രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ ആണെന്ന് റെയില്‍ടെല്‍ അറിയിച്ചിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈയില്‍ എങ്ങനെ കണക്‌ട് ചെയ്യാം

  • റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്ള സൗജന്യ വൈഫൈ കണക്റ്റ് ചെയ്യാനായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.
  • നിങ്ങള്‍ സേവനം ലഭ്യമായ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയാണെങ്കില്‍ ലഭ്യമായ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്കാന്‍ ചെയ്യേണ്ടതുണ്ട്. ഓപ്ഷനുകളുടെ പട്ടികയില്‍ നിന്ന് നിങ്ങള്‍ റെയില്‍വയര്‍ തിരഞ്ഞെടുക്കുക.
  •  റെയില്‍വയര്‍ തിരഞ്ഞെടുത്താല്‍ ബ്രൗസറില്‍ നിങ്ങളെ റെയില്‍വയര്‍ പോര്‍ട്ടലിലേക്ക് റീഡയറക്‌ട് ചെയ്യുകയും മൊബൈല്‍ നമ്പർ  ആവശ്യപ്പെടുകയും ചെയ്യും.
  • നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പേറിലേക്ക് ഒടിപി (OTP) അയയ്‌ക്കും.
  • ഒരിക്കല്‍ നിങ്ങള്‍ റെയില്‍വയര്‍ വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്‌റ്റ് ചെയ്‌താല്‍ ഈ കണക്ഷന്‍ 30 മിനിറ്റ് നീണ്ടുനില്‍ക്കും.
  • വൈഫൈ സേവനത്തിന് 1 എംബിപിഎസ് വരെ വേഗത ഉണ്ടായിരിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യത്തെ 30 മിനിറ്റ് സൗജന്യമായിരിക്കും.

30 മിനിറ്റില്‍ കൂടുതല്‍ വൈഫൈ സൗകര്യം

ഉയര്‍ന്ന വേഗതയില്‍ 30 മിനിറ്റില്‍ കൂടുതല്‍ വൈഫൈ സൗകര്യം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ നാമമാത്രമായ ഫീസ് നല്‍കി ഉയര്‍ന്ന വേഗതയുള്ള ഒരു പ്ലാന്‍ തിരഞ്ഞെടുക്കണം. റെയില്‍വയര്‍ നല്‍കുന്ന ഈ വൈഫൈ പ്ലാനുകള്‍ പ്രതിദിനം 10 രൂപ മുതല്‍ ആരംഭിക്കുന്നു. ഈ പ്ലാനിലൂടെ 34 എംബിപിഎസ് വേഗതയില്‍ 5 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. ഒരു വൈഫൈ പ്ലാന്‍ തിരഞ്ഞെടുക്കുമ്ബോള്‍, നെറ്റ്ബാങ്കിങ്, വാലറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിങ്ങനെ ഒന്നിലധികം പേയ്‌മെന്റ് ഓപ്‌ഷനുകള്‍ വഴി നിങ്ങള്‍ക്ക് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും.

റെയില്‍വേ സ്‌റ്റേഷനില്‍ ആയിരിക്കുമ്ബോള്‍ ഇന്റര്‍നെറ്റ് കണക്‌റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കുള്ള ഒരു വൈഫൈ സേവനമാണിതെന്ന് ഓര്‍മ്മിക്കുക. എന്നിരുന്നാലും ഈ പ്ലാനുകള്‍ തിരഞ്ഞെടുത്താല്‍ യാത്രയില്‍ ട്രെയിനിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകില്ല. നിലവില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന മികച്ച നല്ല ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കണക്കിലെടുക്കുമ്ബോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ലഭിക്കുന്ന വൈഫൈ സേവനം ഉപയോഗിക്കേണ്ട ആവശ്യം ആര്‍ക്കും വരുന്നില്ല എന്നതാണ് വാസ്തവം.


0 comments: