2022, ഏപ്രിൽ 19, ചൊവ്വാഴ്ച

സർവകലാശാല പരീക്ഷകൾക്ക് അടിമുടിമാറ്റം

                                         


തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലെ ബിരുദ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ നടത്തിപ്പ് ബന്ധപ്പെട്ട കോളജുകൾക്ക് കൈമാറാൻ സർക്കാർ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷന്റെ ശുപാർശ. കൂടാതെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളും കോളജുകൾക്ക് കൈമാറണം. ഇതോടൊപ്പം ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഇന്‍റേണൽ -എക്സ്റ്റേണൽ (തിയറി പരീക്ഷ) പരീക്ഷ മാർക്ക് അനുപാതം നിലവിലെ 20:80ൽ നിന്ന് 40:60 ആക്കി മാറ്റണമെന്ന സുപ്രധാന ശിപാർശയും കമീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ പരീക്ഷ നടത്തിപ്പിലും മൂല്യനിർണയത്തിലും സമഗ്ര അഴിച്ചുപണിക്ക് ശുപാർശ ചെയ്യുന്ന ഇടക്കാല റിപ്പോർട്ട് കമീഷൻ സർക്കാറിന് സമർപ്പിച്ചു. ഇവയിൽ പരീക്ഷകൾക്ക് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) നൽകണം. കൂടാതെ ബാർകോഡ് പതിച്ച ഉത്തരക്കടലാസ് ഉപയോഗിച്ച് പരീക്ഷ നടത്തിപ്പും മൂല്യനിർണയവും പുനഃപരിശോധനയും സുതാര്യമായും വേഗത്തിലും നടത്താനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. മാത്രമല്ല കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന വിദ്യാർഥിക്കും അധ്യാപകർക്കും ആധാർ ബന്ധിത സവിശേഷ തിരിച്ചറിയൽ നമ്പർ (യുനീക് ഐഡി) സമ്പ്രദായവും എം.ജി സർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമീഷൻ ശിപാർശ ചെയ്തു.

അതുപോലെ സർവകലാശാലകളിലെയും കോളജുകളിലെയും പി.ജി കോഴ്സ് പ്രവേശനത്തിന് സർവകലാശാലതലത്തിൽ പൊതുപരീക്ഷ നടത്തണമെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും സേവനങ്ങൾ ഓൺലൈനായി ഉറപ്പുവരുത്താൻ പോർട്ടൽ തുടങ്ങുമെന്നും ശുപാർശയിൽ പരാമർശിക്കുന്നുണ്ട്. മാത്രമല്ല കോളജ് തലത്തിൽ നടത്തുന്ന സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ സർവകലാശാല തയാറാക്കി നൽകുകയും, 10-20 ശതമാനം ഉത്തരപേപ്പറുകൾ സർവകലാശാല നിയോഗിക്കുന്ന പരീക്ഷ ബോർഡ് ചെയർമാൻ റാൻഡം പരിശോധന നടത്തുകയും വേണം. 

കൂടാതെ ചോദ്യപേപ്പറുകൾ പരീക്ഷകേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി സ്റ്റാന്‍റേർഡും പ്രോട്ടോകോളും പാലിച്ച് ഡിജിറ്റൽ രീതിയിൽ കൈമാറണം. എന്നാൽ വാട്ടർമാർക്ക് പതിച്ച് ചോദ്യപേപ്പറുകൾ പരീക്ഷ കേന്ദ്രങ്ങൾക്ക് പ്രിന്‍റെടുത്ത് ഉപയോഗിക്കാം. അതുപോലെ കോപ്പിയടി പിടികൂടിയാൽ പുതിയ പേപ്പർ നൽകി വിദ്യാർഥിയെ പരീക്ഷ പൂർത്തിയാക്കാൻ അനുവദിക്കയും എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ബന്ധപ്പെട്ട പരീക്ഷയിൽ മാത്രമായിരിക്കണം.

എന്നാൽ പരീക്ഷയിലെ കൃത്രിമം പിടികൂടിയ അതേദിവസം തന്നെ റിപ്പോർട്ട് ചെയ്യണം. കൂടാതെ പരീക്ഷ ഹാളിൽ ഉൾപ്പെടെ പരീക്ഷ കേന്ദ്രങ്ങളിൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ വേണം. മാത്രമല്ല മുഴുവൻ സർവകലാശാലകളിലും ക്വസ്റ്റ്യൻ ബാങ്ക് സമ്പ്രദായം ഏർപ്പെടുത്തണം. കൂടാതെ ഗ്രേസ് മാർക്ക് പരീക്ഷക്ക് പരിഗണിക്കുന്നതിന് പുറമെ കോഴ്സ് പ്രവേശനത്തിനും കൂടി പരിഗണിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ശിപാർശയിലുണ്ട്.

0 comments: