2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

വര്‍ഷത്തില്‍ വെറും 2 തവണ മാത്രം ബള്‍ബ് മാറ്റാന്‍ 15 ലക്ഷം രൂപ ശമ്ബളം

                                          


വാഷിംഗ്ടണ്‍: പഠിച്ച്‌ ഒരു ജോലി നേടുകയെന്നത് എല്ലാവരുടെയും സ്വപ്നവും വലിയ ആഗ്രഹവുമാണ്, കൂടാതെ ഉയര്‍ന്ന ശമ്ബളത്തില്‍ ആയിരിക്കണം ആ ജോലിയെന്നതും. 

ഇപ്പോൾ ഒരു അമേരിക്കന്‍ പൗരന്റെ ജോലിയാണ് വൈറലായിരിക്കുന്നത്. അമേരിക്കന്‍ എഞ്ചിനീയറായ കെവിന്‍ ഷമ്മിറ്റിന്റെതാണ് ഇങ്ങനെയൊരു ജോലി. ആറ് മാസം കൂടുമ്ബോള്‍ ഒരു ബള്‍ബ് മാറ്റുകയാണ് ജോലി. എന്നാല്‍ ഇതിനായി 15 ലക്ഷം രൂപയാണ് കമ്ബനി ശമ്ബളമായി നല്‍കുന്നത്.

ബള്‍ബ് മാറ്റൽ പറഞ്ഞാൽ ഒരു ടിവി ടവറിന്റെ ഏറ്റവും അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ബള്‍ബ് മാറ്റുകയാണ്. എന്നാൽ ഈ ടവറിന്റെ ഉയരം 1,500 അടിയാണ്. അവിടെയാണ് ആറ് മാസം കൂടുമ്ബോള്‍ മാത്രം മാറ്റിവെക്കേണ്ട ബള്‍ബ് ഇരിക്കുന്നത്. 

അപകടസാധ്യതയുള്ളതുകൊണ്ടാണ് ഈ ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച്‌ ചെയ്യേണ്ടതിനാല്‍ ഇതിൽ ജോലിഭാരം കൂടുതലാണ്. കൂടാതെ നിരവധി ഇലക്‌ട്രിക്കല്‍ ടുളുകള്‍ ബാക്ക്പാക്കില്‍ കരുതി വേണം ടവര്‍ കയറാന്‍.

കെവിന്‍ ഷമ്മിറ്റ് ഒരു ദിവസം മുഴുവന്‍ എടുത്താണ് പണി പൂര്‍ത്തികരിക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിന്‍ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടയിൽ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവര്‍ കയറിയിറങ്ങുന്നത് പിന്നെയും വൈകുകയും ചെയ്യും. 

അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള കെഡിഎല്‍ടി ടിവിയുടെ അനലോഗ് ടവറിന്റെ ബള്‍ബാണ് 1500 അടി മുകളിലിരിക്കുന്നത്. ഈ ജോലിക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. അതായത് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവര്‍ക്ക് മാത്രമാണ് ഈ ജോലിക്ക് അര്‍ഹത. കെവിനെ പോലെയുള്ള നിരവധി പേര്‍ ഇത്തരത്തില്‍ ടവറുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ അവരുടെ മാത്രം കൈകളിലാണ്. ഒരു ഹെല്‍മെറ്റും ബെല്‍റ്റും ധരിക്കുക മാത്രമാണ് പരമാവധി സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതല്‍.

0 comments: