2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഇന്ത്യക്കാര്‍ക്കായി പുതിയ ഫീച്ചര്‍; ഗൂഗിള്‍ മാപ്പില്‍ ടോള്‍ നിരക്കുകളറിയാം

                                           


ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ ഇനി മുതൽ ടോള്‍ നിരക്കുകളും അറിയാന്‍ സാധിക്കും. ഈ സൗകര്യം ഇന്ത്യ, യുഎസ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുക. ഇതുവഴി നിങ്ങളുടെ യാത്രകള്‍ക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുന്‍കൂട്ടി കണക്കാക്കാനും സാധിക്കും.

യാത്രയ്ക്ക് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോള്‍ നിരക്ക് എത്രയാണെന്ന് മുന്‍കൂട്ടി അറിയാനുള്ള സൗകര്യം ഇതുവഴി ലഭിക്കും. പ്രാദേശിക അധികൃതരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുക. 

ഈ മാസം തന്നെ ഇന്ത്യയിലെ 2000-ത്തോളം ടോള്‍ റോഡുകളിലെ നിരക്കുകള്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇന്‍ഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കുന്നതാണ്. 

ഇങ്ങനെ ഫാസ്ടാഗ് പോലുള്ള ടോള്‍ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിള്‍ വിവിധ ടോള്‍ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകള്‍ അറിയുക. ഇത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോള്‍ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാന്‍ ഗൂഗിള്‍ മാപ്പിന് സാധിക്കും.

കൂടാതെ ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത്തരം റോഡുകള്‍ ലഭ്യമായ ഇടങ്ങളില്‍ ടോള്‍ ഫ്രീ റോഡുകളും ഗൂഗിള്‍ മാപ്പ് നിര്‍ദേശിക്കും.

ഇതേസമയം ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ വാച്ചിലും, ഐഫോണിലും ഗൂഗിള്‍ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്‌ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പിന്ന്ഡ് ട്രിപ്പ് വിഡ്‌ജെറ്റ്, ആപ്പിള്‍ വാച്ചില്‍ തന്നെ നാവിഗേഷന്‍, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിള്‍ മാപ്പ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

0 comments: