2022, ഏപ്രിൽ 8, വെള്ളിയാഴ്‌ച

നീറ്റ് പരീക്ഷ: നീറ്റ് പരീക്ഷയെഴുതണമെങ്കിൽ സെപ്റ്റംബറിനു മുൻപ് സപ്ലിമെന്ററി പരീക്ഷ നടക്കണം

                                           


തൃശൂർ : അവസാനവർഷ എംബിബിഎസ് വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബറിനു മുൻപു നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ചു രക്ഷിതാക്കളും വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. ആവശ്യം പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം ചേരണമെന്നു കോടതി നിർദേശിച്ചു, കൂടാതെ കോളജുകളുടെ അഭിപ്രായം തേടിയശേഷം ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും പറഞ്ഞിരുന്നു. സെപ്റ്റംബറിനു മുൻപ് സപ്ലിമെന്ററി പരീക്ഷ എഴുതിയാൽ മാത്രമേ ഇവർക്കു പിജി കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാൽ സാധിക്കൂ. 

ഇതിനകം തന്നെ പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച ഒരു വിഭാഗം വിദ്യാർഥികൾ നടന്ന ജനറൽ മെഡിസിൻ പാർട്ട് 1, 2 പരീക്ഷകൾ എഴുതിയില്ല. കൂടാതെ ആരോഗ്യ സർവകലാശാല തീരുമാനം മാറ്റിയില്ലെങ്കിൽ ഇനി ഇവർക്കു മുന്നിലുള്ളത് സെപ്റ്റംബറിലെ സപ്ലിമെന്ററി പരീക്ഷയാണ്. മാത്രമല്ല അതിന്റെ ഫലം എത്തുമ്പോഴേക്കും പിജി പ്രവേശനപരീക്ഷയ്ക്കു അപേക്ഷിക്കാൻ കഴിയാതെ വന്നേക്കാം. അതിനാൽ ഈ വർഷം അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സപ്ലിമെന്ററി പരീക്ഷ നേരത്തേയാക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇതിനുപുറമെ, സെപ്റ്റംബറിലെ സപ്ലിമെന്ററി പരീക്ഷ ഈ വിദ്യാർഥികൾക്കു പുറമേ ഇതേ ബാച്ചിൽ ഒന്നാംവർഷ പരീക്ഷ തോറ്റവരും എഴുതേണ്ടതാണ്. കോഴ്സ് 6 മാസം പിന്നിലായ ഇവർ ഓഗസ്റ്റോടെ മാത്രമേ പരീക്ഷയ്ക്കു തയാറാകുകയുള്ളൂവെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. അതിനാൽ സപ്ലിമെന്ററി പരീക്ഷ നേരത്തേയാക്കാൻ കഴിയില്ലെന്നാണു ഇവരുടെ നിലപാട്.

എന്നാൽ വിദ്യാർഥികളുടെ ആശങ്ക ഉൾക്കൊണ്ട് സർവകലാശാല ഇന്നലെ കോളജുകൾക്കു സർക്കുലർ നൽകിയിട്ടുണ്ട്. അതായത് ഇപ്പോൾ നടക്കുന്ന അവസാനവർഷ പരീക്ഷയിൽ അവശേഷിക്കുന്നവ എഴുതുന്നവർക്ക്, കഴിഞ്ഞു പോയ 2 (ജനറൽ മെഡിസിൻ) പേപ്പറുകൾ എഴുതാൻ അവസരം നൽകുന്നത് അപ്പോഴത്തെ സാഹചര്യങ്ങൾ ക്കനുസൃതമായി പരിഗണിക്കാമെന്നു സർക്കുലറിലുണ്ട്. ഇന്നു മുതലുള്ള ബാക്കി പരീക്ഷ എല്ലാവരും എഴുതുകയാണെങ്കിൽ ആദ്യത്തെ 2 പരീക്ഷകൾ വീണ്ടും നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് സർവകലാശാലയുടെ നിലപാട്. ഇങ്ങനെ നടപ്പായാൽ ഈ വർഷം തന്നെ പിജി എൻട്രൻസ് എഴുതാൻ വിദ്യാർഥികൾക്കു കഴിഞ്ഞേക്കും. 

കൂടാതെ ബാക്കിയുള്ള പരീക്ഷ എഴുതാൻ അവസരം തേടി ഒട്ടേറെ വിദ്യാർഥികൾ സർവകലാശാലയെ സമീപിച്ചെന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. 3600 വിദ്യാർഥികളാണ് അവസാനവർഷ എംബിബിഎസ് പരീക്ഷ എഴുതേണ്ടത്, ഇതിൽ നിന്നും 1900 പേർ മാത്രമേ ആദ്യ 2 പരീക്ഷകൾ എഴുതിയുള്ളൂ.

0 comments: