കാറുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കാന്‍ അനുമതിയായിട്ട് ഒരു വര്‍ഷമായെങ്കിലും അത് കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതു ഇന്നും തുടരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമം 2020ലെ ഏഴാം ഭേദഗതി പ്രകാരം ബി.ഐ.എസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത അളവില്‍ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുന്‍-പിന്‍ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാം എന്നാണ്. എന്നാലാവട്ടെ ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ സണ്‍ ഫിലിമിനെതിരെ നടപടി തുടരുകയാണ്. ഇതിനെതിരെയായി കേരള കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ രംഗത്തുവന്നു.
നിയമ പ്രകാരം വാഹനത്തിന്‍റെ മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും ദൃശ്യപരത അനുവദിച്ചിട്ടുണ്ടെന്നും വാഹന ഉടമകള്‍ക്കും ജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണം എന്നും ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഗതാഗത മന്ത്രിക്കും ഗതാഗത കമ്മീഷണര്‍ക്കും നിവേദനം നല്‍കി.
2012ല്‍ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ഗോയങ്ക എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാഹനങ്ങളുടെ ഗ്ലാസില്‍ ഒരു തരം ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്. പുതിയ നിയമ ഭേദഗതി പ്രകാരം സണ്‍ കണ്‍ട്രോള്‍ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍(സേഫ്റ്റി ഗ്ലേസിങ് ഷീറ്റ്) ഉപയോഗത്തിനാണ് നിയമപരമായ അനുമതിയുളളത്. കൂടാതെ ഗ്ലേയ്സിങ് മെറ്റീരിയല്‍ ഒട്ടിച്ചാലും മുന്‍-പിന്‍ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നു തന്നെയാണ് നിലവിലെയും മാനദണ്ഡം.
0 comments: