2022, ഏപ്രിൽ 8, വെള്ളിയാഴ്‌ച

നിങ്ങൾക്ക് അറിയാത്ത ട്രാഫിക് നിയമങ്ങള്‍; സ്വകാര്യ വാഹനത്തിൽ ലിഫ്റ്റ് നല്‍കുന്നത് കുറ്റകരം!

                                     

 

പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത്

നമ്മള്‍ എല്ലാവരും തന്നെ അപരിചിതര്‍ക്ക് എപ്പോഴെങ്കിലും ലിഫ്റ്റ് നല്‍കിയിട്ടുള്ളവരായിരികും. എന്നാല്‍ അത് നിയമപ്രകാരം തെറ്റാണെന്ന് അറിയുമോ നിങ്ങൾക്ക്? മുന്‍പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് ഇന്ത്യന്‍ വാഹന നിയമപ്രകാരം കുറ്റകരമാണ്. ഭൂരിഭാഗം പേര്‍ക്കും ഇതിനെ പറ്റി അറിവില്ല. അതായത് ആരെങ്കിലും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ വാഹനം പിടിച്ചെടുക്കാന്‍ വരെ അധികൃതര്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നത് തടയാനാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍ നിർമിച്ചിരിക്കുന്നത്. കൂടാതെ വാഹനം മോഷണം പോകാനുള്ള സാധ്യത കുറക്കാൻ കൂടിയുമാണ്. 

പരിചയമില്ലാത്തവര്‍ക്ക് വാഹനം നല്‍കരുത്

നിലവിൽ ചെന്നൈയിലാണ് അപരിചിതര്‍ക്ക് വാഹന ഉടമ വാഹനം കൈമാറുന്നത് വിലക്കുന്ന നിയമമുള്ളത്. വാഹനമോഷണം കൂടിയപ്പോള്‍ പലപ്പോഴും മോഷ്ടാക്കള്‍ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടി അധികൃതര്‍ തീരുമാനിച്ചത്. അപരിചിത വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ പിഴ കൊടുക്കുകയും വേണ്ടിവന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്. 

പുകവലി പാടില്ല

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കൂടാതെ കാറിനുള്ളില്‍ പുകവലിക്കുന്നത് ഡല്‍ഹി-NCR മേഖലയില്‍ നിയമവിരുദ്ധമാണ്. അതായത് ഒരു പൊതുസ്ഥലത്തോ പാര്‍ക്കിങ് ഏരിയയിലോ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുകവലിച്ചാല്‍ പോലും ശിക്ഷാര്‍ഹമാണ്. കാരണം പുകവലിച്ചുകൊണ്ട് വാഹനം ഓടിക്കുകയെന്നത് ശ്രദ്ധ തിരിക്കാനും അപകടത്തിനും കാരണമായേക്കുമെന്നതിനാലാണ് ഇത് ശിക്ഷാര്‍ഹമാകുന്ന കുറ്റമാക്കിയിരിക്കുന്നത്.

വഴി മുടക്കിയുള്ള പാര്‍ക്കിങ് 

പാര്‍ക്കിങിനുള്ള വഴി മുടക്കിക്കൊണ്ട് പലരും പാര്‍ക്ക് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത് നിയമപരമായി കുറ്റമാണ്. ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. ഇത് പാര്‍ക്കിങ് ഉത്തരവാദിത്വത്തോടെയും എളുപ്പത്തിലും നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ചിട്ടുള്ള നിയമമാണ്.

ടിവി പാടില്ല

വിപണിയില്‍ വാഹനത്തിനുള്ളില്‍ വയ്ക്കാവുന്ന നിരവധി സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിനകം തന്നെ ലഭ്യമാണ്. നമ്മളിൽ പലരും ടി.വി അടക്കം കാറില്‍ ഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാന്‍ പോന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്യുന്ന ഉപകരണങ്ങള്‍ കാറില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. 

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ വിഡിയോയില്‍ ശ്രദ്ധിച്ചാല്‍ അത് അപകടത്തിന് കാരണമാവും എന്നതുകൊണ്ടാണ് ഇത് നിയമവിരുദ്ധമാകുന്നത്. മുംബൈ അടക്കമുള്ള പല മെട്രോ നഗരങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ക്ക് പിഴ ചുമത്താറുണ്ട്. എന്നാൽ ചില കമ്പനികളുടെ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളില്‍ വിഡിയോ കാണാമെങ്കിലും കാര്‍ ഓടുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം നിലക്കും. 

ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലെങ്കില്‍

എല്ലാ വാഹനത്തിലും ഉപയോഗയോഗ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് വേണമെന്ന് നിയമം അനുശാസിക്കുന്നു. അതായത് അപകടത്തിന്റെ വേളയില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഇങ്ങനെ നിയമലംഘകര്‍ക്ക് പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. 

വാഹനം ഓടാത്തപ്പോള്‍ ഓഫാക്കണം

ട്രാഫിക് സിഗ്നലുകളില്‍ ദീര്‍ഘനേരം കിടക്കേണ്ട അവസരങ്ങളില്‍ വാഹനം ഓഫാക്കി ഇടണമെന്നാണ് മുംബൈയിലെ നിയമം. ബ്ലോക്കുകളിലും ദീര്‍ഘനേരം പാതയോരത്തും നിര്‍ത്തിയിടുമ്പോള്‍ വാഹനം ഓഫാക്കേണ്ടതുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താന്‍ പൊലീസിന് അധികാരമുണ്ട്. പരമാവധി ഇന്ധനം ലാഭിക്കുകയും പരിസര മലിനീകരണം കുറക്കുകകയുമാണ് ഈ നിയമം വഴി അധികൃതര്‍ ലക്ഷ്യമിടുന്നത്.

0 comments: