2022, ഏപ്രിൽ 6, ബുധനാഴ്‌ച

ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം: പ്രതിഷേധം കൂടുതൽ ശക്തമാക്കി അധ്യാപകര്‍

                                         


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പേപ്പറുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരായ നിലവിലെ പ്രതിഷേധം മൂല്യനിര്‍ണയ ക്യാമ്ബുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (എഫ്.എച്ച്‌.എസ്.ടി.എ) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു സെഷനില്‍ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 13ല്‍നിന്ന് 17 ആയാണ് വര്‍ധിപ്പിച്ചത്. അതിനാൽ ഏപ്രില്‍ 12ന് എറണാകുളത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷനും 20ന് ജില്ല കേന്ദ്രങ്ങളില്‍ ധര്‍ണയും പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കും.

കഴിഞ്ഞ വര്‍ഷംവരെ 60, 80 മാര്‍ക്ക് വീതമുള്ള പരീക്ഷ പേപ്പറുകള്‍ ഒരു ദിവസം (രണ്ട് സെഷന്‍) 26 എണ്ണമായിരുന്നു മൂല്യനിര്‍ണയം നടത്തിയിരുന്നത്. മാര്‍ക്ക് കുറവായ ബയോളജിക്ക് 40 പേപ്പറും. ഇവയാണ് 34ഉം 50ഉം ആക്കി ഉയര്‍ത്തിയത്. ഇങ്ങനെ പരിഷ്കരിച്ച പരീക്ഷ മാന്വല്‍ പ്രകാരം ഓരോ അസിസ്റ്റന്‍റ് എക്സാമിനറും 34 വീതം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തണം. കൂടാതെ ചീഫ് എക്സാമിനര്‍ തനിക്ക് കീഴിലുള്ള അഞ്ച് അസി. എക്സാമിനര്‍മാരുടെ 170 ഉത്തരക്കടലാസുകള്‍ സൂക്ഷ്മപരിശോധന നടത്തണം. ഇത് പ്രയാസകരമായതിനാല്‍ പിഴവുകള്‍ക്ക് സാധ്യതയുണ്ട്.

പേപ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ആര്‍. അരുണ്‍കുമാര്‍, കെ.ടി. അബ്ദുല്‍ ലത്തീഫ്, ഡോ. ജോഷി ആന്‍റണി, അനില്‍ എം. ജോര്‍ജ്, ഒ. ഷൗക്കത്തലി, എസ്. മനോജ്, പി. അബ്ദുല്‍ ജലീല്‍, എം. സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

0 comments: