2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പ്ലസ്ടു മൂല്യനിർണയ ക്യാംപ് ബഹിഷ്കരണം; അധ്യാപകർക്കെതിരെ കർശന നടപടിയെന്ന് സർക്കുലർ

പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചിക അട്ടിമറിച്ചെന്നാരോപിച്ച് അധ്യാപകർ രണ്ടാം ദിവസവും മൂല്യനിർണയം ബഹിഷ്കരിച്ചതോടെ പ്രതിസന്ധി രൂക്ഷം.ഇന്നലെ എല്ലാ ജില്ലകളിലും കെമിസ്ട്രി മൂല്യനിർണയ ക്യാംപുകൾ ഒരു വിഭാഗം അധ്യാപകർ ബഹിഷ്കരിച്ചു. ഇതോടെ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് സെക്രട്ടറി സർക്കുലർ ഇറക്കി. മൂല്യനിർണയം ബഹിഷ്കരിക്കുന്നത് സർക്കാർ നിയമങ്ങളുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കുലർ. 

പരീക്ഷയ്ക്കു ശേഷം അധ്യാപക സമിതി തയാറാക്കുന്ന ഉത്തര സൂചിക ഉപയോഗിച്ചാണ് സാധാരണ മൂല്യനിർണയം നടത്താ റുള്ളത്. എന്നാൽ കെമിസ്ട്രിയിൽ അധ്യാപക പാനലിന്റെ ഉത്തര സൂചിക ഒഴിവാക്കി ചോദ്യകർത്താവിന്റെ തന്നെ ഉത്തര സൂചിക ഉപയോഗിക്കാൻ നിർദേശിച്ചതാണ് പ്രതിഷേധത്തിനു കാരണം.

അധ്യാപക സമിതി തയാറാക്കിയ ഉത്തര സൂചിക ചോദ്യത്തിലുള്ളതിലേറെ മാർക്ക് കുട്ടികൾക്ക് അനർഹമായി നൽകുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹയർ സെക്കൻ‌ഡറി പരീക്ഷാ ബോർഡ് ഒഴിവാക്കിയത്.  പകുതിയിലധികം ചോദ്യങ്ങളും ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട മൂന്നു പാഠഭാഗങ്ങളിൽ നിന്നു മാത്രം ഉൾപ്പെടുത്തിയ പരീക്ഷ കുട്ടികളെ വലച്ച സാഹചര്യത്തിലാണ് ഉദാര സമീപനം സമീപനം സ്വീകരിച്ചതെന്നാണ് അധ്യാപക പാനലിൽ ഉൾപ്പെട്ടവരുടെ നിലപാട്. 

ചോദ്യകർത്താവിന്റെ ഉത്തര സൂചിക അനുസരിച്ച് മൂല്യനിർണയം നടത്തിയാൽ നല്ലൊരു വിഭാഗം കുട്ടികളും തോൽക്കുമെന്നും മെഡിക്കൽ–എൻജിനീയറിങ്പ്രവേശന സാധ്യതകളെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

ചോദ്യകർത്താവിന്റെ ഉത്തര സൂചികയിൽ ഒട്ടേറെ അപാകതകളും അവ്യക്തതകളും ഉണ്ടെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 13–ാമത്തെ ചോദ്യത്തിന് ചോദ്യപ്പേപ്പറിലുള്ള ഓപ്ഷനുകളിൽ നിന്നുള്ള ഉത്തരമല്ല ഉത്തര സൂചികയിലുള്ളതെന്നും അതിനാൽ അതിന് ഉത്തരം എഴുതിയവർക്ക് മാർക്ക് നഷ്ടപ്പെടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പല രീതിയിൽ ഉത്തരമെഴുതാവുന്ന ചോദ്യങ്ങൾക്ക് അത്തരത്തിൽ എഴുതുമ്പോൾ മാർക്ക് നൽകുന്നതു സംബന്ധിച്ചും നിർദേശമില്ല.

0 comments: