2022, മേയ് 15, ഞായറാഴ്‌ച

സോഷ്യല്‍ മീഡിയ അഡിക്റ്റാണോ നിങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം


നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമാണ് ഇന്ന് സോഷ്യല്‍ മീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കും.ഒരുവ്യക്തി സോഷ്യല്‍ മീഡിയ അഡിക്‌ടഡ് ആണോ എന്നത് എങ്ങനെയറിയാം. അതിന് ചില സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എളുപ്പത്തില്‍ മനസിലാക്കാം.

ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താതെ ഫെയ്സ്ബുക്കും ഇന്‍സ്റ്റ​ഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇത്തരക്കാര്‍ മറ്റ് പ്രധാന ജോലികള്‍ മാറ്റിവച്ച ശേഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തില്‍ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം.

നേരിട്ട് കണ്ടിട്ടില്ലാത്ത, സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ "ജീവിതം" നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ നിശ്ചയമായും സോഷ്യല്‍ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവര്‍ ഒരു ദിവസം ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകും. ഇവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും.

ആരോടെങ്കിലും ​ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇതിന് അഡിക്റ്റാണെന്ന് ഉറപ്പിക്കാം. ഇവര്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും. ഇത്തരക്കാര്‍ തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച സമയം മറ്റുള്ളവരില്‍ നിന്ന് മറച്ച്‌ വെക്കാന്‍ ശ്രമിക്കും. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കാത്ത വ്യക്തികളാണിവര്‍. കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയെക്കുറിച്ച്‌ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാനാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്.

0 comments: