2022, മേയ് 31, ചൊവ്വാഴ്ച

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിനില്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് ഇനി ചിലവേറും; മുന്നറിയിപ്പുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും

 

കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് ഇനി ട്രെയിന്‍ യാത്രക്കാര്‍ക്ക് ചിലവേറും. ലഗേജ് കൂടുതലാണെങ്കില്‍ പാര്‍സല്‍ ഓഫീസില്‍ ബുക് ചെയ്യണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കി.യാത്രയ്ക്കിടെ അധിക ലഗേജുമായി യാത്ര ചെയ്യരുതെന്ന് റെയില്‍വേ മന്ത്രാലയം അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ട്വീറ്റ് ചെയ്തു. നിശ്ചിത പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടു പോയാല്‍ കര്‍ശന നടപടിയുണ്ടാകും.

ലഗേജ് ബുക് ചെയ്യാന്‍ നിര്‍ദേശം

രാജ്യത്ത് ദീര്‍ഘദൂര യാത്രകള്‍ക്കായി മിക്കവരും ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കുന്നതിന് ഒരു കാരണം വിമാനത്തിലേതിനേക്കാള്‍ കൂടുതല്‍ ലഗേജുമായി യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ലഗേജുകള്‍ കൊണ്ടുപോകുന്നതിന് പരിധിയുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ നിരവധി പേര്‍ ആവശ്യത്തില്‍ കൂടുതല്‍ ലഗേജുകളുമായി യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.

യാത്രയ്ക്കിടെ അധിക ലഗേജുമായി യാത്ര ചെയ്യരുതെന്ന് റെയില്‍വേ മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. ലഗേജ് അധികമായാല്‍ പാര്‍സല്‍ ഓഫീസില്‍ പോയി ബുക് ചെയ്യാനാണ് നിര്‍ദേശം.

ട്രെയിനില്‍ എത്ര ലഗേജ് കൊണ്ടുപോകാം?

റെയില്‍വേയുടെ നിയമമനുസരിച്ച്‌ 40 മുതല്‍ 70 കിലോഗ്രാം വരെ ലഗേജുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. ആരെങ്കിലും കൂടുതല്‍ ലഗേജുമായി യാത്ര ചെയ്താല്‍, അതിന് പ്രത്യേക നിരക്ക് നല്‍കേണ്ടിവരും. ട്രെയിനിന്റെ കോച് അനുസരിച്ച്‌ ലഗേജിന്റെ ഭാരം വ്യത്യസ്തമാണ്. സ്ലീപര്‍ ക്ലാസില്‍ യാത്രക്കാര്‍ക്ക് 40 കിലോ വരെ ലഗേജ് കൊണ്ടുപോകാമെന്നാണ് റെയില്‍വേ പറയുന്നത്. എസി-ടയര്‍ വരെ 50 കിലോഗ്രാം ലഗേജ് കൊണ്ടുപോകുന്നതിന് ഇളവുണ്ട്. അതേസമയം ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്രക്കാര്‍ക്ക് 70 കിലോ വരെ ലഗേജ് കൊണ്ടുപോകാം.

ട്രെയിന്‍ യാത്രയില്‍ കൊണ്ടുപോകാന്‍ നിരോധിച്ചിരിക്കുന്നതെന്താണ്?

നിശ്ചിത പരിധിയില്‍ കൂടുതല്‍ ബാഗേജുകള്‍ ഉണ്ടെങ്കില്‍ യാത്രക്കാരില്‍ നിന്ന് റെയില്‍വേക്ക് അധിക ചാര്‍ജുകള്‍ ഈടാക്കാന്‍ കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം, ഗ്യാസ് സിലിന്‍ഡറുകള്‍, കത്തുന്ന രാസവസ്തുക്കള്‍, പടക്കങ്ങള്‍, ആസിഡ്, ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍, തുകല്‍ അല്ലെങ്കില്‍ നനഞ്ഞ തൊലികള്‍, എണ്ണ, ഗ്രീസ്, നെയ്യ്, പൊതികളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍, പൊട്ടുകയോ ഒടിഞ്ഞുവീഴുകയോ ചെയ്യുന്ന വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോവരുത്.

നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും വസ്തുക്കള്‍ കൈവശം വെച്ചാല്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 164 പ്രകാരം നടപടിയെടുക്കാം. ഇത്തരമൊരു സാഹചര്യത്തിലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് പാഴ്സല്‍ സൗകര്യം ഒരുക്കുന്നത്. ഇതുപ്രകാരം യാത്രക്കാര്‍ക്ക് ലഗേജ് ചാര്‍ജും മറ്റും നല്‍കി യാത്ര ചെയ്യാം.
0 comments: