2022, മേയ് 23, തിങ്കളാഴ്‌ച

മെയ് അവസാനം 3 ദിവസം ബാങ്ക് അവധി! കൂടുതലറിയാം…


മെയ് മാസം അവസാനം രാജ്യത്തെ പ്രധാന ബാങ്ക് യൂണിയനുകൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 30-31 തീയതികളിൽ പണിമുടക്ക്  നടത്തുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ ഇതിനകം തന്നെ പ്രഖ്യാപിച്ചു.മെയ് അവസാനം രണ്ട് ദിവസത്തെ പണിമുടക്കിന് നിരവധി ബാങ്കിങ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് സൂചന. എന്നിരുന്നാലും, പണിമുടക്കിൽ പങ്കെടുക്കണമോ എന്നതിൽ ബാങ്ക് ജീവനക്കാർക്കിടയിൽ നിലവിൽ ഭിന്നാഭിപ്രായമുണ്ട്.

പണിമുടക്കിന് പ്രമുഖ ബാങ്കുകൾ

ബാങ്ക് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- Central Bank Of India (എസ്ബിഐ- SBI) ജീവനക്കാർക്ക് പുറമെ, ബാങ്ക് ഓഫ് ബറോഡ (Bank Of Baroda), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (Punjab & Sind Bank) ജീവനക്കാരും മെയ് 30ന് പണിമുടക്കിൽ പങ്കാളികളാകുമെന്നാണ് സൂചന.

മെയ് 28 നാലാം ശനിയാഴ്ച, 29 ഞായറാഴ്ച തുടങ്ങിയ അവധി ദിവസങ്ങൾ കഴിഞ്ഞ് എത്തുന്ന 30, 31 തീയതികളിൽ ബാങ്ക് ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കാൻ സാധ്യതയുണ്ട്. എങ്കിലും, അവധി ദിവസങ്ങൾക്ക് ശേഷമെത്തുന്ന പണിമുടക്കിന് കൂടുതൽ ബാങ്കിങ് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചേക്കാം.

കാത്തലിക് സിറിയൻ ബാങ്ക് (Catholic Syrian Bank), ഫെഡറൽ ബാങ്ക് (Federal Bank), ബാങ്ക് ഓഫ് ഇന്ത്യ (Bank of India), ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra), യുകോ ബാങ്ക് (UCO Bank) എന്നീ ബാങ്കുകളിലെ ജീവനക്കാരും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിഷേധത്തിലാണ്.

പ്രതിഷേധത്തിന് കാരണം

റിക്രൂട്ട്‌മെൻറ് പ്രശ്നങ്ങളും ജോലിഭാരം വർധിച്ചതും ജീവനക്കാരെ പ്രകോപിപ്പിക്കുന്നു. കൂടാതെ, ബാങ്കുകൾ പല ജോലികളും പുറത്തുനിന്നുള്ള സ്വകാര്യ പാർട്ടികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതും പ്രതിഷേധം എന്ന തീരുമാനത്തിലേക്ക് ജീവനക്കാരെ നയിച്ചു.

ഫെഡറൽ ബാങ്ക് പോലുള്ള ചില സ്ഥാപനങ്ങളിൽ, യൂണിയൻ പ്രതിനിധികളുടെ വിയോജിപ്പിനെ അടിച്ചമർത്താനും അവരെ ആക്രമിക്കാനുമുള്ള മാനേജ്‌മെന്റിന്റെ ശ്രമങ്ങൾക്കെതിരെയാണ് ജീവനക്കാർ പ്രതിഷേധം നടത്തുന്നതെന്നാണ് വിവരം.

ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിലുമായി ഏകദേശം 9 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ബാങ്ക് ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്ന സ്വകാര്യ കമ്പനികളിലും ഇത്ര ആളുകൾ ജോലി ചെയ്യുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ, ജീവനക്കാരുടെ ജോലിഭാരവും പ്രതിഷേധത്തിനുള്ള കാരണമാണ്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ എല്ലാ സാമൂഹിക- ക്ഷേമ പദ്ധതികളും ബാങ്കുകൾ മുഖേന നടപ്പിലാക്കുന്നത് ജോലിഭാരത്തിൽ വലിയ വർധനവിന് ഇടയാക്കി.പുതിയ നിയമനങ്ങൾ ബാങ്കുകളിൽ നടത്തുന്നില്ല. ബാങ്കുകളിലെ ജീവനക്കാരുടെ വലിയ തോതിലുള്ള വിരമിക്കലും നടന്നിട്ടുണ്ട്. പുതിയ നിയമനങ്ങളില്ലാത്തതിനാൽ ഇത് നിലവിലുള്ള മുൻനിര ജീവനക്കാരിൽ വൻ സമ്മർദങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.

0 comments: