2022, മേയ് 24, ചൊവ്വാഴ്ച

പുതിയ അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

 

ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി വൈവിധ്യങ്ങളായ പദ്ധതി പ്രവര്‍ത്തനങ്ങളാണ് സമഗ്ര ശിക്ഷ കേരളം നിര്‍വഹിച്ച് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കളെ കൂടി പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ പിന്തുണയും കരുതലും സ്വയംതൊഴില്‍ പരിശീലനങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തരം സഹവാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് ഉടനീളം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കേണ്ട കിടപ്പിലായ കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്കും അത്തരം കുട്ടികളുടെ പരിചരണത്തിന് ആവശ്യമായ രക്ഷിതാക്കള്‍ക്കുള്ള തുടര്‍ പരിശീലനങ്ങളും സമഗ്ര ശിക്ഷ കേരളയുടെ ബി ആര്‍ സികള്‍ വഴി നടപ്പിലാക്കുന്നുണ്ട്. പുതിയ അക്കാദമിക വര്‍ഷം മുതല്‍ കൂടുതല്‍ പദ്ധതികള്‍ ഭിന്നശേഷി മേഖലയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.



0 comments: