2022, മേയ് 13, വെള്ളിയാഴ്‌ച

എന്‍ട്രന്‍സ് എഴുതാതെ എന്‍ജിനീയറിങ് പ്രവേശനം; 'മിടുക്കരെയല്ല മിടുമിടുക്കരെയാണ് വേണ്ടത്', മാര്‍ഗരേഖ

 


കഴിവുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനപരീക്ഷ എഴുതാതെ എന്‍ജിനീയറിങ് പ്ര‌വേശനം അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ എഐസിടിഇ പ്രസിദ്ധീകരിച്ചു.എല്ലാ അം​ഗീകൃത സ്ഥാപനങ്ങളിലും രണ്ട് സൂപ്പര്‍ന്യൂമററി സീറ്റുകള്‍ വീതം നീ‌ക്കിവയ്ക്കാനാണു നിര്‍ദേശം. വരുന്ന അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പിലാകും.

പ്രതിഭാശാലികളും കഴിവുറ്റവരുമായ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയും കുറഞ്ഞ മാര്‍ക്ക് നേടിയ അല്ലെങ്കില്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ സഹജമായ സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥിയുടെ മികവു വ്യക്തമാക്കി മൂന്ന് വിദഗ്ധരുടെ ശുപാര്‍ശക്കത്തുകള്‍ വേണം. അതതു സ്ഥാപനങ്ങള്‍ തന്നെ ആദ്യം ഇത് പരിശോധിക്കും. ഇവരുടെ വിദ​ഗ്ധ സമിതി വിലയിരുത്തിയശേഷം എഐസിടിഇക്കു സമര്‍പ്പിക്കണം. കൗണ്‍സിലിന്റെ വിദ​ഗ്ധ സമിതിയാകും അഭിമുഖം നടത്തുക. അന്തിമ പട്ടിക എഐസിടിഇ പ്രസിദ്ധീകരിക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ സൂപ്പര്‍ ന്യൂമററി സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. പ്രധാന ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ വിജയിച്ചവര്‍, സിഎസ്‌ഐആര്‍, എന്‍സിഇആര്‍ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ശാസ്ത്രസാങ്കേതിക വകുപ്പ്, ഡിആര്‍ഡിഒ തുടങ്ങിയവയില്‍നിന്നു ഗവേഷണ ധനസഹായം ലഭിച്ചവര്‍, ഗൂഗിള്‍, ഐബിഎം, ടെസ്‌ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്ബനികളുടെ ഫണ്ടിങ് ലഭിച്ചവര്‍, യുജിസി കെയര്‍-2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചവര്‍, പേറ്റന്റ് സ്വന്തമായുള്ളവര്‍, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ മൊബൈല്‍ ആപ്ലിക്കേഷനുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുത്തവര്‍ എന്നിവര്‍ക്കൊക്കെ അപേക്ഷിക്കാം.

0 comments: