2022, മേയ് 13, വെള്ളിയാഴ്‌ച

ഇന്ത്യയിലെ കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരല്ല, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്!


ഒരു സുഹൃത്തിന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ പെട്ടെന്നാണ് ഓണ്‍ലൈന്‍ ഗെയിമില്‍ ആകൃഷ്ടനായത്. ആദ്യം അച്ഛന്റെ ലാപ്‌ടോപ്പിലായിരുന്നു കളി.ഏഴാം ക്ലാസിലായപ്പോള്‍ ഒരു ഡെസ്‌ക്ടോപ് വേണമെന്നു പറഞ്ഞ് കുട്ടിയെത്തി. കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് തനിക്കു വേണ്ട സ്‌പെസിഫിക്കേഷന്‍ എഴുതിയ കടലാസുമായാണ് അവന്‍ എത്തിയത്.അച്ഛന്‍ അന്വേഷിച്ചപ്പോള്‍ മകന്റെ കുറിപ്പു പ്രകാരം കംപ്യൂട്ടര്‍ വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയിലേറെ വേണ്ടിവരും.

കൊറോണാ കാലം ആയതുകൊണ്ടും പുറത്തിറങ്ങാതെ പല വീടുകളിലും കുട്ടികള്‍ ഡിപ്രഷനിലേക്കുപോയ കാര്യം അറിയാവുന്നതു കൊണ്ടും കാശുണ്ടായിരുന്നതു കൊണ്ടും അച്ഛന്‍ പിസി വാങ്ങി നല്‍കി.ഫ്‌ളാറ്റില്‍ ജീവിക്കുന്ന കുടുംബത്തിലെ കുട്ടി എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ പാതിരാത്രി കഴിയുവോളം വരെ ഓണ്‍ലൈന്‍ ഗെയിമിങ് ജ്വരവുമായി കഴിഞ്ഞത് രണ്ടു വര്‍ഷത്തോളം.നിര്‍ബന്ധിച്ചാല്‍ അല്‍പനേരം പഠനം. പിന്നെ പെട്ടെന്നൊരുനാള്‍ അച്ഛനമ്മമാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ഗെയിം കളിക്കാതെയായി.

സദാ പിസിക്കു മുന്നിലിരുന്ന മകന്‍ സോഫായിലും മറ്റും ഇരിക്കുന്നതും ജനലിലൂടെ ഫ്ലാറ്റിനു പുറത്തെ ലോകത്തേക്കു നോക്കുന്നതും ഒക്കെ കണ്ടു.എന്താണു സംഭവിച്ചതെന്ന് മാതാപിതാക്കള്‍ക്കു മനസ്സിലായില്ല. മാസങ്ങള്‍ക്കു ശേഷം അവനോടു സംസാരിച്ചതില്‍നിന്ന് അച്ഛനു മനസ്സിലായത് അവന്‍ സൈബര്‍ബുള്ളിയിങ്ങിന്റെ ഇരയായിരുന്നു എന്നാണ്.

ഇന്റര്‍നെറ്റ് വഴി വരുന്ന ഭീഷണിയെയാണ് സൈബര്‍ ബുള്ളിയിങ് എന്നു വിളിക്കുന്നത്. എസ്‌എംഎസ് വഴി വരുന്ന ഭീഷണികളെയും ഇങ്ങനെ പറയാറുണ്ട്.ആപ്പുകള്‍, സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ഗെയിമിങ് തുടങ്ങിയ മേഖലകളിലൊക്കെ ബുളളിയിങ് സംഭവിക്കാം.

സമൂഹമാധ്യമങ്ങളോ ചില ആപ്പുകളോ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഓണ്‍ലൈന്‍ ഗെയിമിങ് ശീലമാക്കിയവര്‍ക്കെതിരെയുമൊക്കെ ഒരാളോ ഒരു സംഘമോ നടത്തുന്ന അതിരുവിട്ട പരിഹാസമോ ഭീഷണിയോ അസഭ്യം പറച്ചിലോ ഒക്കെ സൈബര്‍ ബുള്ളിയിങ് എന്ന സൈബര്‍ ആക്രമണത്തില്‍പെടുന്നു.

പലരുടെയും സമൂഹമാധ്യമ അക്കൗണ്ടില്‍നിന്ന് അവരുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്തും മറ്റും പ്രചരിപ്പിച്ച്‌ പരിഹസിക്കുകയും അപവാദം പരത്തുകയും ചെയ്യുന്നുമുണ്ട്.ഇന്ത്യന്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് പ്രമുഖ ഓണ്‍ലൈന്‍ സുരക്ഷാ കമ്പനിയായ  മാക്കഫിയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്.

അതില്‍ പറഞ്ഞിരിക്കുന്നത്, ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ബുള്ളിയിങ് ആഗോള ശരാശരിക്കും മുകളിലാണ് എന്നാണ്.രാജ്യത്തിന്റെ സൈബര്‍സുരക്ഷാ നെറ്റ്‌വര്‍ക്ക് എന്തുകൊണ്ട് ശക്തിപ്പെടുത്തണം എന്നതിനെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. 'മാതാപിതാക്കളുടെയും ടീനേജര്‍മാരുടെയും 9-12 വയസ്സുവരെ പ്രായമുള്ളവരുടെയും, സ്‌ക്രീനുകള്‍ക്കു പിന്നിലെ ജീവിതം' എന്ന പേരിലാണ് റിപ്പോര്‍ട്ട്.കമ്പനി  ആഗോള തലത്തില്‍ കുടംബങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ നടത്തിയ ആദ്യ പഠനമാണിത്.

0 comments: