2022, മേയ് 13, വെള്ളിയാഴ്‌ച

സ്‌കൂള്‍ തുറക്കുമ്പോൾ ഇനി ആശങ്ക വേണ്ട: മാതാപിതാക്കള്‍ അറിയേണ്ടത്.

 


വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോൾ നിരവധി അനവധി ചോദ്യങ്ങളാണ് നമുക്കിടയില്‍ ഉയരുന്നത്. കൊവിഡിന് പിന്നാലെ, ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാം തരംഗവും അതില്‍ നിന്ന് അല്‍പ്പം ആശ്വാസം പകരുന്ന മൂന്നാം തരംഗവുമെത്തി. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നമുക്ക് ആശങ്കകളും വര്‍ദ്ധിച്ചു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദത്തിലാകുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്. കുട്ടികളെ രോഗം ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ അത് ദൗര്‍ഭാഗ്യവശാല്‍ അപകടകരമാംവിധം തീവ്രമാകുമോ? എന്നെല്ലാമുള്ള ഭയം മാതാപിതാക്കളുടെ മനസില്‍ തീര്‍ച്ചയായും കാണും.ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം…

ശക്തി കുറഞ്ഞ രീതിയിലാണ് കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പനി, ചുമ, നെഞ്ചുവേദന, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ നിറവ്യത്യാസം, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം കുട്ടികളില്‍ കൊവിഡ് ലക്ഷണമായി വരാം. വൈറസ് പിടിപെട്ട് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അത് കാണാന്‍ സാധിക്കുന്നതാണ്.

ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറല്‍ അണുബാധയടക്കം പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ, കുട്ടികളില്‍ ഇവയേതെങ്കിലും കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളോട് സൗഹാര്‍ദ്ദപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രദ്ധിക്കുക. കൊവിഡ് ശരീരത്തെ എങ്ങനെയാണ് ബാധിക്കുക, എന്താണ് അതിന്റെ വിദൂരമായ ഫലങ്ങള്‍ എന്നിവയെല്ലാം അവരെ പറഞ്ഞു മനസിലാക്കുക. ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍. കൈകള്‍ ഇടവിട്ട് വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം, മാസ്‌ക് ശരിയായി ധരിക്കുന്നതിന്റെ പ്രാധാന്യം, കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യമെല്ലാം അവരെ ധരിപ്പിക്കുക. പഠനസമയങ്ങളില്‍ അല്ലാത്തപ്പോള്‍ ക്ലാസ് മുറിയ്ക്കുള്ളില്‍ നിന്ന് കളിക്കുന്നതിന് പകരം പരമാവധി പുറത്ത് ആയിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

0 comments: