2022, മേയ് 29, ഞായറാഴ്‌ച

ഇങ്ങനെ ചെയ്യല്ലേ.. പണി കിട്ടും; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഒരേ സമയം ഗുണവും അതിലേറെ തലവേദനയുമായി മാറുന്നുണ്ടോ? ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി


ഡി‌ജിറ്റല്‍ ഇടപാടുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.ഒട്ടനവധി ഓഫറുകളുമായി കമ്പനികളും  എത്താറുണ്ട്. ഇന്ത്യയിലെ ഒരു ഉപയോക്താവ് ക്രെഡിറ്റ് കാര്‍ഡിലൂടെ പ്രതിമാസം 14,500 രൂപ ചെലവഴിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

പലപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ ഗുണം ചെയ്യാറുണ്ട്. എന്നാല്‍ ചെറിയൊരു ശ്രദ്ധക്കുറവ് മതി വലിയ നഷ്ടങ്ങളിലേക്ക് നയിക്കാന്‍. ക്രെഡിറ്റ് കാര്‍ഡുകളില്‍ വരുത്തുന്ന പിഴവ് സിബില്‍ സ്കോറിനെ കാര്യമായി ബാധിക്കാറുണ്ട്.

ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി, റേറ്റിംഗ്, വിശദാംശങ്ങള്‍ എന്നിവയുടെ മൂന്നക്ക സംഗ്രഹമാണ് സിബില്‍ സ്കോര്‍. സിബില്‍ റിപ്പോര്‍ട്ട് അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലെ ഹിസ്റ്ററി നോക്കിയാണ് സ്കോര്‍ നിശ്ചയിക്കുന്നത്. തെറ്റായ ക്രെഡിറ്റ് കാര്‍‌ഡ് ഉപയോഗം ലോണ്‍ അവസരങ്ങള്‍ ഇല്ലാതാക്കും.

300 മുതല്‍ 900 വരെയാണ് സിബില്‍ സ്കോറിന്റെ റേഞ്ച്. 900 നോട് അടുക്കുന്തോറും നിങ്ങളുടെ സ്കോര്‍ മെച്ചപ്പെടുന്നു. 700-900 റേഞ്ചിനെ മികച്ച സിബില്‍ സ്കോര്‍ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് കൃത്യമായി ഉപയോഗിച്ച്‌ സിബില്‍ സ്കോര്‍ കാത്ത് സൂക്ഷിക്കാനും വളരെയധികം പലിശ ഒഴിവാക്കുന്നതിനും മൂന്ന് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്

ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എല്ലാ മാസവും 40,000 രൂപ ചെലവഴിക്കുന്നയാളാണ് നിങ്ങളെന്ന് കരുതുക. നിശ്ചിത തിയതിക്ക് മുന്‍പ് മുഴുവന്‍ തുകയും അടയ്‌ക്കുന്നുമുണ്ട്. ഇത് നല്ലതാണ്, എന്നാല്‍ നിങ്ങളുടെ കാര്‍ഡിന്റെ ആകെ പരിധി 50,000 രൂപയാണെങ്കില്‍ പ്രശ്നമാണ്.ആകെ ക്രെഡിറ്റ് പരിധിയുടെ 80 ശതമാനത്തോളം നിങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സിബില്‍ സ്കോറിനെ ഇത് സാരമായി ബാധിക്കും. അതിനാല്‍ ആകെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രെ‌ഡിറ്റ് കാര്‍ഡ് മുഖേന പണം പിന്‍വലിക്കരുത്

ഒരിക്കലും ക്രെഡിറ്റ് കാര്‍ഡ് മുഖേന പണം പിന്‍വലിക്കരുതെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്.ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും പിന്നീട് ബുദ്ധിമുട്ടും. പ്രതിമാസം ഏകദേശം 2.5 മുതല്‍ 3.5 ശതമാനം പലിശയാണ് പണം പിന്‍വലിച്ചാല്‍ ഈടാക്കുക. അതായത് പ്രതിവര്‍ഷം 40% പലിശയാണ് ഇത്തരത്തില്‍ നല്‍കേണ്ടി വരിക.

സാധാരണ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുന്നതിന് ഏകദേശം 50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കും. എന്നാല്‍ അത് പണം പിന്‍വലിക്കലിന് ബാധകമല്ല. കൂടാതെ, നിശ്ചിത തീയതിക്ക് മുൻപ്  ക്യാഷ് അഡ്വാന്‍സ് തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനി  ലേറ്റ് പേയ്‌മെന്റ് ചാര്‍ജും ഈടാക്കും.

മിനിമം പേയ്മെന്റ് നടത്തരുത്

ഒരു ക്രെഡിറ്റ് കാര്‍ഡ് ബില്‍ വരുമ്ബോള്‍ രണ്ട് ഓപ്‌ഷനുകളുണ്ട്. ഒന്ന് മുഴുവന്‍ തുകയും അടയ്‌ക്കുക, മറ്റൊന്ന് ഏറ്റവും കുറഞ്ഞ തുക അടയ്ക്കുക. സാധാരണയായി മൊത്തം കുടിശ്ശികയുടെ അഞ്ച് ശതമാനം ആയിരിക്കും ഇത്. കുടിശ്ശികയുടെ ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നതിലൂടെ ലേറ്റ് പേയ്‌മെന്റ് ഫീസ് ഒഴിവാക്കാന്‍ സഹായിക്കുന്നു.

എന്നാല്‍ ഈ കുറഞ്ഞ തുക പ്രതിവര്‍ഷം 40% പലിശയായി മാറും. 50 ദിവസത്തെ പലിശ രഹിത കാലയളവിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്. ക്രെഡിറ്റ് ബില്ലിന്റെ മുഴുവന്‍ തുക അടയ്ക്കാന്‍ ഒരു വഴിയും ഇല്ലെങ്കില്‍ മാത്രം മിനിമം പേയ്മെന്റ് ചെയ്യുക.

0 comments: