2022, മേയ് 20, വെള്ളിയാഴ്‌ച

പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ സന്ദേശം, ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ വ്യാജ ബാങ്ക് വെബ്‌സൈറ്റ്; യുവതിക്ക് 1.80ലക്ഷം രൂപ നഷ്ടമായി

 


പാന്‍ കാര്‍ഡ് തട്ടിപ്പിലൂടെ 34കാരിയുടെ 1.80ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടെസ്റ്റ് മെസേജിനൊപ്പം നല്‍കിയ ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്.

മുംബൈയില്‍ സ്വകാര്യ ബാങ്കില്‍ അക്കൗണ്ട് ഓഫീസറായി ജോലി ചെയ്യുന്ന 34കാരിയ്ക്കാണ് പണം നഷ്ടമായത്. പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള മെസേജില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായത്. പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശത്തില്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കാനും കൗശലപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഗൗരവം മനസിലാകാതെ വിവരങ്ങള്‍ കൈമാറിയതോടെയാണ് പണം നഷ്ടമായത്.

ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ്  യുവതിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം വന്നത്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. പ്രഥമദൃഷ്ടിയില്‍ തട്ടിപ്പാണ് എന്ന് തോന്നാത്തവിധമായിരുന്നു സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ ക്ലിക്ക് ചെയ്തതോടെ വ്യാജ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെബ് സൈറ്റ് തുറന്നുവന്നു.

യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കി, ഫോണില്‍ വന്ന ഒടിപി കൂടി കൈമാറിയതോടെയാണ് പണം നഷ്ടമായത്. അതിനിടെ പാന്‍ കാര്‍ഡ് വിവരങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ അക്കൗണ്ടില്‍ നിന്ന് 1.80 ലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായതെന്ന് പരാതിയില്‍ പറയുന്നു. യുവതി ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച്‌ അക്കൗണ്ട് മരവിപ്പിച്ചു. പിന്നാലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

0 comments: