2022, മേയ് 3, ചൊവ്വാഴ്ച

പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചിക പുതുക്കി; മൂല്യ നിര്‍ണയം ഇന്ന് മുതല്‍

 


പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് പുനഃരാരംഭിക്കും. പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇന്നലെ ആരംഭിച്ചിരുന്നു. ചോദ്യ കര്‍ത്താവ് തയ്യാറാക്കിയ വിവാദമായ സൂചികയും സ്‌കീം ഫൈനലൈസെഷന്‍ ഭാഗമായി 12 അധ്യാപകര്‍ തയ്യാറാക്കിയ സൂചികയും പരിശോധിച്ചിരുന്നു. പുതിയ സൂചിക തയ്യാറാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത അധ്യാപകര്‍ക്ക് എന്നാല്‍, പ്രതിഷേധിച്ചവര്‍ക്കെതിരെയുളള അച്ചടക്ക നടപടിയില്‍ എതിര്‍പ്പ് ഉണ്ട്. 

കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. മൂല്യനിര്‍ണയം നടത്തിയ 28,000 ഉത്തരക്കടലാസുകള്‍ പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നോക്കും. അധ്യാപകര്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് 3 ദിവസം മൂല്യനിര്‍ണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം ആവര്‍ത്തിച്ചിരുന്നത് എങ്കിലും അധ്യാപകര്‍ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്. 

പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. പരീക്ഷ സംബന്ധിച്ച രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ് ബഹിഷ്‌കരണത്തിലൂടെ അധ്യാപകര്‍ ലക്ഷ്യമിട്ടതെന്നും മന്ത്രി ആരോപിച്ചിരുന്നു. നേരത്തെ ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയില്‍ സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഉത്തര സൂചികയില്‍ തെറ്റില്ലെന്നും അതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ട.  സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. മൂല്യനിര്‍ണയത്തില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തിരുന്നു.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകര്‍ തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിര്‍ണയത്തിന് നല്‍കിയെന്നും അധ്യാപകര്‍ ആരോപിക്കുന്നു. അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഉത്തരസൂചികയെന്നാണ് ആരോപണം. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മുല്യനിര്‍ണയം നടത്തുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മാര്‍ക്ക് ലഭിക്കില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പിലെ ഉത്തര സൂചിക അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എച്ച് എസ് ടി എയും രംഗത്തെത്തി. 2022 ഏപ്രില്‍ മാസം നടന്ന കെമിസ്ട്രി പരീക്ഷ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ തിരിച്ചുള്ള അശാസ്ത്രീയമായ വേര്‍തിരിവാണ് ഇതിനു കാരണമായത്. മൂല്യനിര്‍ണയ സൂചിക തയ്യാറാക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും അധ്യാപകരെ തെരഞ്ഞെടുത്ത് എറണാകുളത്ത് വെച്ച് വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിക്കൊണ്ട് മൂല്യനിര്‍ണയ സൂചിക തയ്യാറാക്കുകയുണ്ടായി. അധ്യാപകരുടെ കൂട്ടായ്മയില്‍ വളരെ കൃത്യതയാര്‍ന്ന ഒരു ഉത്തരസൂചിക ആണ് അധ്യാപകര്‍ അവിടെ സമര്‍പ്പിച്ചത്്.  എന്നാല്‍  ഏപ്രില്‍ 28 ന് ആരംഭിച്ച കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എത്തിയ ഉത്തരസൂചിക അദ്ധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക നിന്നും വിഭിന്നമാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് യാതൊരു തരത്തിലും മാര്‍ക്ക് ലഭിക്കാത്ത തരത്തിലുള്ള പുതിയ ഉത്തരസൂചിക ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം സെക്രട്ടറി അധ്യാപകര്‍ക്കു നല്‍കിയ നടപടി അപലപനീയമാണെന്ന് എ എച്ച് എസ് ടി എ ആരോപിക്കുന്നു.

ചോദ്യപേപ്പറില്‍ രണ്ടു ചോദ്യങ്ങളില്‍ തെറ്റുണ്ട്. 13-ാംമത്തെ ചോദ്യത്തില്‍ തെറ്റുത്തരമാണ് നല്‍കിയിരിക്കുന്നത്. ഇതൊന്നും പുതിയ ഉത്തര സൂചികയില്‍ നല്‍കിയിട്ടില്ല. പൊതു വിദ്യാഭ്യാസത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കുവാന്‍ വേണ്ടി കരുതിക്കൂട്ടി നടത്തുന്ന ഇത്തരം നടപടികളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം പിന്‍മാറണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന് വെബ്‌സൈറ്റിലൂടെ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്. ഇത്തവണ അതില്‍ നിന്നും വിഭിന്നമായി പരീക്ഷാ സെക്രട്ടറി യാതൊരു മാനദണ്ഡങ്ങളും കൂടാതെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലുളള പരിണിതഫലമാണ് ഇത്തരം ചോദ്യപേപ്പറെന്നും ആക്ഷേപം ഉണ്ട്. 

0 comments: