2022, മേയ് 1, ഞായറാഴ്‌ച

പി.എം. കിസാന്‍ സമ്മാന്‍ : കേരളത്തില്‍ 30,416 പേര്‍ അനര്‍ഹര്‍; തിരിച്ചടയ്‌ക്കണമെന്നു കേന്ദ്രം

 

കേരളത്തില്‍ പി.എം.കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്നു കണ്ടെത്തല്‍.ഇതില്‍ 21,018 പേര്‍ ആദായനികുതി അടയ്‌ക്കുന്നവരാണ്‌. അര്‍ഹതയില്ലാത്തവരില്‍നിന്നു തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന്‌ കേന്ദ്രധനമന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 31 കോടി രൂപ തിരിച്ചുകിട്ടേണ്ടതില്‍ 4.90 കോടി രൂപ മാത്രമാണ്‌ ഇതുവരെ കിട്ടിയിട്ടുള്ളത്‌. കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്‌താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ടു ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ട്‌. വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണു നല്‍കിവരുന്നത്‌. 37.2 ലക്ഷം പേരാണ്‌ കേരളത്തില്‍ പി.എം. കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്‌. 

കേന്ദ്ര-സംസ്‌ഥാന ഏജന്‍സികളുടെ പരിശോധനയിലാണു അനര്‍ഹരായവരെ കണ്ടെത്തിയത്‌. തുക തിരിച്ചുപിടിച്ച്‌ അടയ്‌ക്കണമെന്ന്‌ കഴിഞ്ഞമാസം കേന്ദ്ര ധനമന്ത്രാലയം കേരള സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഫീല്‍ഡ്‌ലെവല്‍ ഓഫീസര്‍മാര്‍ ഇതിനായി നടപടി സ്വീകരിച്ചു വരികയാണെന്ന്‌ കൃഷിവകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നു. പ്രാഥമിക പരിശോധനയ്‌ക്കുശേഷം സൂക്ഷ്‌മ പരിശോധനയിലേക്കു നീങ്ങിയപ്പോള്‍ അര്‍ഹരല്ലെന്നു കണ്ടെത്തിയവരില്‍നിന്നാണ്‌ തുക തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സര്‍ക്കാരിന്റെ ലാന്‍ഡ്‌റെക്കോഡില്‍ ഫെബ്രുവരി ഒന്നിന്‌ നിശ്‌ചിത കൃഷിഭൂമി കൈവശമുള്ളവര്‍ക്കു മാത്രമാണ്‌ ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളത്‌്. കിസാന്‍നിധി പ്രകാരം അനര്‍ഹര്‍ക്കു ലഭിച്ച തുക തിരിച്ചടയ്‌ക്കാന്‍ നോട്ടീസ്‌ നല്‍കിവരികയാണ്‌.

 കേന്ദ്ര കൃഷിമന്ത്രാലയം, സംസ്‌ഥാന കൃഷിവകുപ്പ്‌ മുഖേനയാണു നോട്ടീസ്‌ നല്‍കുന്നത്‌. മാര്‍ഗരേഖയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിപരീതമായി തുക കൈപ്പറ്റിയവരോടാണു തിരിച്ചടയ്‌ക്കാനുള്ള നിര്‍ദേശം. സ്വന്തം പേരില്‍ സ്‌ഥലമില്ലെന്നതും ആദായ നികുതി അടയ്‌ക്കുന്നതും ചൂണ്ടിക്കാട്ടിയാണു നോട്ടീസ്‌. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന്‌ ഒഴിവാക്കുമെന്നും നിയമനടപടികളിലേക്കു നീങ്ങുമെന്നുമാണ്‌ നോട്ടീസില്‍ പറയുന്നത്‌.

0 comments: