2022, മേയ് 17, ചൊവ്വാഴ്ച

പിഎം കിസാന്‍ ധനസഹായം വാങ്ങിയ കേരളത്തിലെ 30,4016 പേര്‍ അനര്‍ഹര്‍; തുക മടക്കി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളിലേക്ക്, തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

 

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള സഹായം കൈപ്പറ്റിയവരില്‍ 30,000ല്‍ അധികം ആളുകള്‍ അനര്‍ഹര്‍.കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിരവധി അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇതു പ്രകാരം സംസ്ഥാനത്ത് 30,416 പേര്‍ പിഎം കിസാന്‍ സമ്മാന നിധി വഴിയുള്ള ധനസഹായത്തിന് അനര്‍ഹരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 21,018 പേര്‍ ആദായ നികുതി അടയ്ക്കുന്നവരാണ്. അര്‍ഹതപ്പെട്ടവരുടെ പണമാണ് ഇത്രയും പേര്‍ കൈക്കലാക്കായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടാംഘട്ടത്തിലെ സൂക്ഷ്മ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.

കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കൃഷി വകുപ്പ് മുഖേന കേന്ദ്ര കൃഷി മന്ത്രാലയം നോട്ടീസ് നല്‍കി തുടങ്ങി. കൈക്കലാക്കിയ തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി തുക കൈപ്പറ്റിയവര്‍ക്ക് ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ തടയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസില്‍ പറയുന്നുണ്ട്.

അര്‍ഹതയില്ലാത്തവര്‍ കേന്ദ്ര പദ്ധതിവഴി കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന് ഇത്തരത്തില്‍ 31 കോടി രൂപയാണ് തിരിച്ചു കിട്ടാനുള്ളത്. മൊത്തം 37 ലക്ഷം കര്‍ഷകരാണ് കേരളത്തില്‍ നിന്നും കിസാന്‍ സമ്മാന നിധിയില്‍ ചേര്‍ന്നത്. അനര്‍ഹരില്‍ നാല് കോടി രൂപ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചു പിടിച്ചിട്ടുണ്ട്.

0 comments: