2022, മേയ് 17, ചൊവ്വാഴ്ച

വാട്‌സാപ് നിങ്ങളുടെ ഔദ്യോഗിക പേര് ചോദിച്ചേക്കാം; കാരണം ഇതാണ്

 

കള്ളപ്പേരിലും വിളിപ്പേരുകളിലുമൊക്കെ വാട്‌സാപ് ചാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ചെറിയൊരു പൂട്ട്. വാട്‌സാപ് പേ സംവിധാനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി തങ്ങളുടെ ഔദ്യോഗിക പേര് വെളിപ്പെടുത്തണം.വാട്‌സാപ് പേ സൈന്‍-അപ് ചെയ്യുമ്പോൾ , തിരിച്ചറിയല്‍ രേഖകളിലുള്ള പേരാണ് നല്‍കേണ്ടത്. ഇത് പ്രൊഫൈലിലുള്ള പേരില്‍നിന്നു വ്യത്യസ്തമായാല്‍ കുഴപ്പമില്ല. അതേസമയം, വാട്‌സാപ് പേ വഴി പണമടച്ചാല്‍ പണം ലഭിക്കുന്നയാള്‍ക്ക് അക്കൗണ്ട് ഉടമയുടെ യഥാര്‍ഥപേര് അറിയാനാവും.

യുപിഐ നിര്‍ദേശങ്ങള്‍ പാലിക്കണം

നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനാണ് വാട്‌സാപ് ഔദ്യോഗിക നാമം ചോദിക്കുന്നത്. സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. അവ പാലിക്കണമെന്ന് വാട്‌സാപ് വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലൂടെയാണ് യുപിഐ വഴി അക്കൗണ്ട് തിരിച്ചറിയുന്നത്. പണം അടയ്ക്കുമ്ബോള്‍ നല്‍കുക അക്കൗണ്ടിലുള്ള പേരായിരിക്കും, വാട്‌സാപ് യൂസര്‍ നെയിം ആയിരിക്കില്ല.

ഇതുവരെയുള്ള രീതി മാറുന്നു

ഇതുവരെ വാട്‌സാപ് ഉപയോഗിച്ച്‌ പണമടച്ചിരുന്നവര്‍ക്ക് 25 വരെ അക്കങ്ങളോ അക്ഷരങ്ങളോ ഇമോജിയോ കാണിച്ചാല്‍ മതിയാകുമായിരുന്നു. ഇനി പണം കൈമാറുമ്പോൾ ഔദ്യോഗിക പേര് നിര്‍ബന്ധമാണ്. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആപ്പില്‍ സെറ്റിങ്‌സ്>ഹെല്‍പ് സെന്റര്‍>എബൗട്ട് യുപിഐ പേമെന്റ്‌സ് എന്ന വിഭാഗം വായിച്ചാല്‍ മതി.

ചുരുക്കിപ്പറഞ്ഞാല്‍, ഇനി വാട്‌സാപ് യൂസര്‍ നെയിമിനു പിന്നില്‍ മറഞ്ഞിരുന്നുള്ള പേയ്മെന്റ് സാധ്യമല്ല. കള്ളപ്പേരുകാര്‍ക്ക് വാട്‌സാപ് പേ ഉപയോഗിക്കണമെങ്കില്‍ അതിനായി മറ്റൊരു വാട്‌സാപ് അക്കൗണ്ട് സൃഷ്ടിക്കേണ്ടി വരും. അല്ലെങ്കില്‍ തന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പണം കൈമാറാതിരിക്കുകയോ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് എന്നു പറയുകയോ ചെയ്യാം.

വാട്‌സാപ് പേ ഉപയോഗിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് വേണ്ട

വാട്‌സാപ് പേ ഉപയോഗിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് സൃഷ്ടിക്കേണ്ടതില്ല. വാട്‌സാപ് പ്രയോജനപ്പെടുത്തുന്നതും ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭിം (BHIM), വിവിധ ബാങ്ക് ആപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന യുപിഐ സംവിധാനം തന്നെയാണ്. വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍പേ, ഫോണ്‍ പേ, ഭിം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചും പണം കൈമാറാം.

0 comments: