2022, മേയ് 19, വ്യാഴാഴ്‌ച

SSLC പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ്

 

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരിയുത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. മൂല്യനിര്‍ണയം നടത്തിയ 28,000 ഉത്തരക്കടലാസുകള്‍ പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നോക്കും. അധ്യാപകര്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് 3 ദിവസം മൂല്യനിര്‍ണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം ആവര്‍ത്തിച്ചിരുന്നത് എങ്കിലും അധ്യാപകര്‍ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്. 

പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. പരീക്ഷ സംബന്ധിച്ച രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ് ബഹിഷ്‌കരണത്തിലൂടെ അധ്യാപകര്‍ ലക്ഷ്യമിട്ടതെന്നും മന്ത്രി ആരോപിച്ചിരുന്നു. നേരത്തെ ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയില്‍ സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഉത്തര സൂചികയില്‍ തെറ്റില്ലെന്നും അതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

0 comments: