2022, മേയ് 4, ബുധനാഴ്‌ച

വിദ്യാര്‍ഥികളില്‍ മാനസികസംഘര്‍ഷങ്ങളും പഠനഭാരവും വിഷാദരോഗമുണ്ടാക്കുന്നു; ആശ്വാസപദ്ധതിയുമായി യു.ജി.സി.

 


കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഷാദം ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പരിഹാര പദ്ധതിയുയുമായി യു.ജി.സി. എല്ലാ കലാലയങ്ങളിലും സ്റ്റുഡന്‍സ് സര്‍വീസ് സെന്റര്‍ രൂപവത്കരിച്ച് സൈക്കോളജി കൗണ്‍സലിങ് സെന്റുകള്‍ ആരംഭിക്കും. ഊര്‍ജസ്വലമായ കാമ്പസ് ജീവിതവും കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ഉറപ്പാക്കുക, മാനസിക പിരിമുറുക്കം, വൈകാരികക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യത്യസ്ത ചുറ്റുപാടില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കി ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നല്‍കുന്നതിനാണ് ഓരോ സ്ഥാപനങ്ങളിലും കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത്. ഒപ്പം ശാരീരികാരോഗ്യം, കായിക മേഖല എന്നിവയില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ പ്രാപ്തരാക്കാന്‍ പ്രചോദനം നല്‍കും. പ്രവേശനം നേടിയ ഓരോ വിദ്യാര്‍ഥിയില്‍നിന്നും കായിക ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് കായിക പ്രവര്‍ത്തനങ്ങളിലോ കായികസൗകര്യം വിനിയോഗിക്കുന്നത്. പഠനത്തിനൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് ട്രെയിനിങ്, പഠനയാത്രകള്‍, സമ്മര്‍ ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയിലൂടെ സമൂഹിക ഇടപെടലുകളും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തും. വനിതകള്‍, ഭിന്നശേഷിക്കാര്‍, എല്‍.ജി.ബി.ടി., പ്രശ്‌നബാധിത ചുറ്റുപാടില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. 

മാനസികസംഘര്‍ഷങ്ങളും പഠനഭാരവുമാണ് പല വിദ്യാര്‍ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണം. പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനംചെയ്ത് പിന്തുണ ഉറപ്പുവരുത്തിയാല്‍ കൊഴിഞ്ഞുപോക്ക് തടയാനാകും. ഫോണ്‍, ഇ-മെയില്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ സഹായം അവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തി സഹായം ലഭ്യമാക്കും. 

പാതിയിലേറേ വിദ്യാര്‍ഥികളും സമ്മര്‍ദത്തില്‍

ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയില്‍ 2021 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സര്‍വകലാശാലകളിലെ 53 ശതമാനം വിദ്യാര്‍ഥികളും അതിവിഷാദരോഗത്തിന് അടിമകളാണ്. 74 ശതമാനം വിദ്യാര്‍ഥികളാകട്ടെ മാനസിക സമ്മര്‍ദത്തിലും. വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജസ്വലമായ കാമ്പസ് ജീവിതം ഉറപ്പാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. ശാരീരിക ക്ഷമതയും കായികപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാനസികാരോഗ്യം ഉറപ്പാക്കും..

0 comments: