2022, മേയ് 21, ശനിയാഴ്‌ച

വിദേശത്ത് പഠിക്കണോ?; വാതിലുകൾ തുറന്ന് യു.എസ് യൂണിവേഴ്സിറ്റികളും കോളേജുകളും; സാധ്യതകൾ അറിയാം

 



ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഓരോ വർഷവും അമേരിക്കയിലെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അഡ്മിഷന് വേണ്ടി ശ്രമിക്കുന്നുണ്ട്. 2020-2021 അധ്യയന വർഷത്തിൽ അമേരിക്കയിലെ ഓരോ അഞ്ച് അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ പ്രതിവർഷം നിർമ്മിക്കുന്ന ഓപ്പൺ ഡോർസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് നിരവധി മാനദണ്ഡങ്ങളുണ്ട്. വിദ്യാർഥികളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന തരത്തിലുള്ള കരിക്കുലം, മികച്ച ഗവേഷണ സൗകര്യം, അക്കാദമിക പാണ്ഡിത്യമുള്ള അധ്യാപകർ, അന്തർദ്ദേശിയ അനുഭവം സമ്മാനിക്കുന്ന പ്രോഗ്രാമുകൾ, സാമ്പത്തിക സഹായവും സ്കോളർഷിപ്പുകളും ലഭിക്കുന്നതിനുള്ള അവസരങ്ങൾ, വിമർശനാത്മക ചിന്തകൾക്ക് ഊന്നൽ, ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ഗവേഷണ അവസരങ്ങൾ എന്നിവയെല്ലാം ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

വ്യക്തിപരമായി വിദേശത്ത് പഠിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. സാംസ്കാരികമായി വ്യത്യസ്ത പരിസരങ്ങളിൽ നിന്ന് വരുന്നവരുടെ സമന്വയം, സന്നദ്ധസേവനത്തിനുള്ള അവസരങ്ങൾ, ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകൽ, ബിരുദം നേടുന്നതിന് മുമ്പ് പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ ഉണ്ടാക്കുന്നതിന് സഹായിക്കൽ എന്നിവയൊക്കെ ഇതിലൂടെ ലഭിക്കുന്നു. ഇതെല്ലാം വിദ്യാർഥികൾക്ക് നേടിക്കൊടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ യു.എസ് യൂണിവേഴ്സിറ്റികളും കോളേജുകളും ഇത് എല്ലാ വർഷവും ചെയ്യുന്നതാണ്.

സാധ്യതകൾ

വിദേശ വിദ്യാർത്ഥികൾക്ക് ധാരാളം സ്‌കൂളുകൾ ലഭ്യമാണ് എന്ന കാരണത്താലാണ് വലിയൊരു വിഭാഗം വിദ്യാർത്ഥികളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്നത്. നാഷണൽ സെന്റർ ഫോർ എജ്യുക്കേഷൻെറ കണക്കുകൾ പ്രകാരം 2019-2020 അധ്യയന വർഷം വരെ അമേരിക്കയിൽ ബിരുദം നൽകുന്ന 3,982 പോസ്റ്റ് സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. "വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനും ഭാവി കെട്ടിപ്പടുക്കുന്നതിന് യോജിച്ചതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്", അർക്കൻസാസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള അതിഥി ലെലെ പറയുന്നു. നിലവിൽ അതിഥി മുംബൈയിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷനിൽ യുഎസ്എ അഡ്വൈസറായി ജോലി ചെയ്യുകയാണ്.

“ചെറുതും ഇടത്തരവും വലുതുമായ നിരവധി സർവകലാശാലകളുണ്ട്. ചിലത് നഗരങ്ങളിലാണെങ്കിൽ മറ്റ് ചിലത് ഗ്രാമപ്രദേശങ്ങളോട് ചേർന്ന് കിടക്കുകയാണ്," അതിഥി കൂട്ടിച്ചേർത്തു. “പൊതുമേഖലയിലുള്ള യൂണിവേഴ്സിറ്റികളിലും സ്വകാര്യ മേഖലയിലുള്ള യൂണിവേഴ്സിറ്റികളിലും നിങ്ങൾക്ക് പഠിക്കാവുന്നതാണ്. ഇത് കൂടാതെ കമ്മ്യൂണിറ്റി കോളേജുകളുമുണ്ട്. അവിടെ നിങ്ങൾക്ക് രണ്ട് വർഷം പഠിക്കുകയും അസോസിയേറ്റ് ബിരുദം നേടുകയും ചെയ്യാം. തുടർന്ന് നാല് വർഷത്തെ പഠനത്തിനായി സർവകലാശാലകൾ തെരഞ്ഞെടുക്കാം. വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർവ്വകലാശാലകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതെല്ലാം നിങ്ങളുടെ അക്കാദമിക് ആവശ്യകതകളും വ്യക്തിഗത മുൻഗണനകളും എന്താണ് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്," അതിഥി വിശദീകരിച്ചു.

കാലിഫോർണിയയിലെ സിലിക്കൺ വാലി നഗരത്തിലുള്ള ലോസ് ആൾട്ടോസ് ഹിൽസിലെ കമ്മ്യൂണിറ്റി കോളേജായ ഫൂത്ത്ഹിൽ കോളേജിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ച ആർഷ് താക്കർ പറഞ്ഞു.

"ഫൂത്ത്ഹിൽ കോളേജിലെ പഠനം സ്വന്തം കാര്യങ്ങൾ സ്വയം ചെയ്ത് ശീലിക്കുന്നതിനും സാഹചര്യവുമായി എളുപ്പത്തിൽ പൊരുത്തപ്പെടേണ്ടത് എങ്ങനെയെനനും എന്നെ പഠിപ്പിച്ചു. താക്കർ പറഞ്ഞു. ബിരുദ പഠനത്തിന് ശേഷം സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നാല് വർഷം പഠിച്ചത്. "ഒരു കമ്മ്യൂണിറ്റി കോളേജിലാണ് ആദ്യം പഠിച്ചതെങ്കിലും ഉയർന്ന നിലവാരമുള്ള അധ്യാപനവും പിന്തുണയും എനിക്ക് ലഭ്യമായിരുന്നു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സുമായി എളുപ്പത്തിൽ പൊരുത്തപ്പെടാനും സാഹചര്യങ്ങളോട് ഇഷ്ടം തോന്നുന്നതിനും സഹായിച്ചു. കൗൺസിലർമാരുമായി സംവദിക്കാനുള്ള അവസരവും STEM കേന്ദ്രത്തിലേക്ക് ലഭിച്ച പ്രവേശനവും എന്റെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തി. ചെറിയ ക്ലാസ് മുറികളായതിനാൽ പ്രൊഫസർമാരുമായി വളരെ പെട്ടെന്ന് അടുപ്പത്തിലാവാനും അവരുമായി കൂടുതൽ ആശയവിനിമയം നടത്താനും സഹായിച്ചു," താക്കർ വ്യക്തമാക്കി.

തന്റെ മേഖലയിലെ പ്രൊഫഷണലുകളെ കണ്ടുമുട്ടിയതും അവരുമായി ആശയവിനിമയം നടത്താൻ സാധിച്ചതും തനിക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ ഗുണം ചെയ്തുവെന്ന് ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ സ്ഥിതി ചെയ്യുന്ന നോട്രെ ഡാം സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പഠിക്കുന്ന വൈഭവ് അറോറ പറയുന്നു. "ക്ലാസ് മുറികളിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ പുറംലോകത്ത് പ്രാവർത്തികമാക്കാൻ സാധിച്ചു. വ്യവസായ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിക്കാനും അവരുടെ ആശയങ്ങൾ കേൾക്കാനും അവസരങ്ങളുണ്ടായി. അറിവുള്ള പ്രൊഫഷണലുകളുമായി എൻെറ ആശയങ്ങൾ സംസാരിക്കാൻ സാധിച്ചു. ഒന്നിലധികം കാഴ്ചപ്പാടുകൾ വിശകലനം ചെയ്തു. വ്യവസായ മേഖലയിലെ പ്രശ്‌നപരിഹാരത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും എനിക്ക് സാധിച്ചു," അറോറ കൂട്ടിച്ചേർത്തു.

വ്യത്യസ്ത മേഖലകളിൽ നിന്ന് അനുഭവങ്ങൾ നേടാൻ അവസരങ്ങളുണ്ടെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രീ-ലോ ട്രാക്കിലെ ബിസിനസ് മേജറായ അനന്യ പോട്‌ലപ്പള്ളി പറഞ്ഞു. "നിങ്ങളുടെ ലോകം വിശാലമാക്കുന്നതിന് അമേരിക്കയിലെ പഠനം സഹായിക്കും," അനന്യ പറഞ്ഞു. “ക്ലാസ്സുകൾ, വിദ്യാർത്ഥി സംഘടനകൾ, ഇന്റേൺഷിപ്പ് അവസരങ്ങൾ എന്നിവയിലൂടെയും അതിലേറെ കാര്യങ്ങളിലൂടെയും ക്ലാസ് മുറിയിലും പുറത്തും വളരെയധികം കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്ക് അവസരങ്ങളുണ്ട്. കാമ്പസിൽ എത്തുമ്പോൾ തന്നെ നിങ്ങളെ വളരെ വ്യത്യസ്തമായ ലോകത്താണ്. അവിടെ നിങ്ങൾക്ക് താൽപര്യമുള്ള തരത്തിലുള്ള ഇടപെടൽ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്," അവർ കൂട്ടിച്ചേർത്തു.

മറ്റ് സ്ത്രീകൾക്ക് മാതൃകയാകാൻ തനിക്ക് സാധിക്കുമെന്ന് സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി ചെയ്യുന്ന നിർമ്മിത റോയ് കരുതുന്നു. “കൂടുതൽ സ്ത്രീകൾ എഞ്ചിനീയർമാരായി വരണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. എന്റെ സൂപ്പർവൈസറുടെ മാർഗനിർദേശപ്രകാരം ഗവേഷണം നന്നായി മുന്നോട്ട് പോവുന്നു. റെനെസാസ് ഇലക്‌ട്രോണിക്‌സ് അമേരിക്കയിൽ ഞാൻ രണ്ടര വർഷത്തോളം ജോലി ചെയ്തു. പിന്നീട് ഗവേഷണം പൂർത്തിയാക്കാൻ സർവകലാശാലയിലെത്തി. പൊതുബോധത്തെ തകർത്ത് എഞ്ചിനീയറിങ് മേഖലയിൽ കൂടുതൽ സ്ത്രീകൾക്ക് പ്രചോദനമാവണമെന്നാണ് ആഗ്രഹം,” നിർമ്മിത പറഞ്ഞു.

നെറ്റ്‍വർക്കുകൾ

ബിരുദത്തിന് ശേഷം അവരുടെ കരിയറിലേക്ക് ലക്ഷ്യം വെക്കാൻ യുഎസ് സർവ്വകലാശാലകൾ വിദേശ വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് ലെലെ ഊന്നിപ്പറയുന്നു. "കരിയർ മാനേജ്‌മെന്റ് സെന്ററുകളും പൂർവ്വ വിദ്യാർത്ഥി നെറ്റ്‌വർക്കുകളും ഇവിടെ സജീവമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളിലും സഹായം ലഭിക്കും. വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് വലിയ പ്രധാന്യം നൽകുമെന്നും അവർ വ്യക്തമാക്കി. “വിദേശ വിദ്യാർഥികൾക്ക് വളരെ സുരക്ഷിതമായ സാഹചര്യമാണ് അമേരിക്കയിലുള്ളത്. യു.എസ്. സർവ്വകലാശാലകൾ വിദ്യാർത്ഥി സമൂഹത്തിലും അധ്യാപകരിലും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇവിടെ ഒരു കുടക്കീഴിൽ ഒറ്റക്കെട്ടായി നിൽക്കുന്നു," ലെലെ കൂട്ടിച്ചേർത്തു.


0 comments: