2022, മേയ് 7, ശനിയാഴ്‌ച

എന്താണ് നീറ്റ് വിരുദ്ധ ബില്‍? മെഡിക്കല്‍ പ്രവേശനത്തെ ബാധിക്കുന്നത് എങ്ങനെ?

 

ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിന്റെ (NEET) അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നൽകുന്ന രീതി അവസാനിപ്പിക്കുക എന്നതാണ് നീറ്റ് വിരുദ്ധ ബില്ലിന്റെ  ലക്ഷ്യം. തമിഴ്നാട് സര്‍ക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ബില്‍ അവതരിപ്പിച്ചത്.

നേരത്തെ, 12-ാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സാമൂഹിക നീതി ഉറപ്പാക്കുകയും ദുര്‍ബലരായ വിദ്യാര്‍ത്ഥി സമൂഹത്തെ മെഡിക്കല്‍ പ്രവേശന ഘട്ടത്തിൽ നേരിടുന്ന വിവേചനത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് തമിഴ്നാട് സര്‍ക്കാര്‍ നീറ്റിനെ എതിര്‍ക്കുന്നത്?

വിദ്യാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്താന്‍ നീറ്റ് ശരിയായ രീതിയല്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമേ നീറ്റ് കോച്ചിംഗ് താങ്ങാനാവൂ എന്നാണ് ആരോപണം. ഓരോ സംസ്ഥാനത്തും വിദ്യാർത്ഥികൾ പഠിക്കുന്ന സിലബസ് വ്യത്യസ്തമായിരിക്കും. അതിനാല്‍ മെഡിക്കൽ പ്രവേശനത്തിന് കേന്ദ്രതല പരീക്ഷ നടത്തുന്നത് അന്യായമാണെന്നും ഇതുവഴി വിദ്യാര്‍ത്ഥികളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.

ഇതുസംബന്ധിച്ച് സംസ്ഥാന വ്യാപകമായി സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എ കെ രാജന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 'തമിഴ്നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റിന്റെ ആഘാതം' എന്ന തലക്കെട്ടിലുള്ള കമ്മിറ്റി റിപ്പോര്‍ട്ട് നീറ്റ് മെഡിക്കല്‍ പ്രവേശനത്തിന് അനുയോജ്യമല്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായിരുന്നു. 165 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം, നീറ്റ് ഏര്‍പ്പെടുത്തിയതിന് ശേഷം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ദരിദ്രരായ കുടുംബങ്ങളില്‍ നിന്ന് വളരെ കുറച്ച് കുട്ടികൾ മാത്രമാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയത്. നീറ്റിന് മുമ്പുള്ള പ്രവേശനത്തില്‍ 61.45 ശതമാനം ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് യോഗ്യരായിരുന്നു, എന്നാല്‍, നീറ്റ് അവതരിപ്പിച്ചതിന് ശേഷം 2020-21ല്‍ അത് 49.91 ശതമാനമായി കുറഞ്ഞു. മറുവശത്ത്, നഗരത്തില്‍ നീറ്റിന് മുമ്പ് 38.55 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രവേശന യോഗ്യത നേടിയിരുന്നെങ്കില്‍, 2020-21 ല്‍ 50.09 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നീറ്റ് പാസായവരും മെഡിക്കല്‍ കോഴ്സുകളില്‍ ചേര്‍ന്നവരും 12-ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എന്റോള്‍ ചെയ്തവരേക്കാള്‍ മോശം പ്രകടനമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവേശന പരീക്ഷയുടെ സിലബസ് സിബിഎസ്ഇ സിലബസിലേക്ക് മാറ്റിയതിനാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് ഇത് ദോഷകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല വിദ്യാർത്ഥികൾക്കും കോച്ചിംഗ് സെന്ററുകളില്‍ ചേരാനും കഴിയുന്നില്ല.

നീറ്റ് വിരുദ്ധ ബില്ലിന്റെ നാൾവഴികൾ

നീറ്റിന്റെ പോരായ്മകളെക്കുറിച്ച് ഡിഎംകെ റിപ്പോര്‍ട്ട് ചെയ്യുന്നു: നീറ്റ് ഒഴിവാക്കുക ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്നു. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ ഇതിനെക്കുറിച്ച് സര്‍വേ നടത്തി. പരീക്ഷ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ നിയമനടപടി സ്വീകരിക്കാമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീറ്റ് റദ്ദാക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കാം. എന്നാൽ ഇതിന് രാഷ്ട്പതിയുടെ അനുമതി ആവശ്യമാണ്.

ബില്‍ തയ്യാറാക്കി, സംസ്ഥാന ഗവര്‍ണര്‍ക്ക് അയച്ചു: തമിഴ്‌നാട് സര്‍ക്കാര്‍ നീറ്റ് വിരുദ്ധ ബില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് അയച്ചു. അത് പിന്നീട് കേന്ദ്ര സര്‍ക്കാരിന് അയച്ചതായി മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിക്കുകയും ചെയ്തു. അവിടെ നിന്നും ഇത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു.

നീറ്റ് റദ്ദാക്കാനുള്ള ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു: നീറ്റ് റദ്ദാക്കാനുള്ള ബില്‍ ഗവര്‍ണര്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചയച്ചു.മുഖ്യമന്ത്രി സ്റ്റാലിന്‍ മറ്റൊരു ബില്‍ കൈമാറി: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മറ്റൊരു ബില്‍ കൈമാറി. ഡിഎംകെയുടെ യോഗത്തില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്‍ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

ബില്‍ കേന്ദ്രത്തിന് അയച്ചതായി സ്റ്റാലിന്‍ അവകാശപ്പെടുന്നു: നീറ്റ് ഒഴിവാക്കുന്നതിനായുള്ള ഞങ്ങളുടെ പ്രയത്‌നത്തിന്റെ ഭാഗമായി, ബില്ലിന് അനുമതി ലഭിക്കുന്നതിനായി കേന്ദ്രത്തെ നിര്‍ബന്ധിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് സ്റ്റാലിന്‍ തമിഴ്‌നാട് അസംബ്ലിയില്‍ പറഞ്ഞു.

ബില്‍ പാസ്സായാല്‍ എന്ത് സംഭവിക്കും?

നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതി അംഗീകരിക്കുകയും കേന്ദ്രം പാസാക്കുകയും ചെയ്താല്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടാനുള്ള ഏക മാര്‍ഗമായി നീറ്റിനെ പരിഗണിക്കില്ല. തുടര്‍ന്ന്, എഞ്ചിനീയറിംഗ് പ്രവേശനം പോലെ, സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനതല പ്രവേശനപരീക്ഷകള്‍ നടത്താനും 12-ാം ക്ലാസ് സ്‌കോര്‍ പ്രവേശനത്തിനായി പരിഗണിക്കാനും കഴിയും. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ സംസ്ഥാന-ബോര്‍ഡ് / സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷകളുടെ 12-ാം ക്ലാസ് മാര്‍ക്ക് പരിഗണിക്കാമെന്നാണ് തമിഴ്നാടിന്റെ നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സംസ്ഥാന, കേന്ദ്ര തലത്തില്‍ നിശ്ചിത ക്വാട്ടയുണ്ട്. അവിടെ 15% സീറ്റുകള്‍ മാത്രം കേന്ദ്രീകൃതവും ബാക്കി ആ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളതുമാണ്.

നീറ്റ് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാരും നീറ്റ് പരീക്ഷയുടെ മാര്‍ക്ക് വലിയൊരു മാനദണ്ഡമായി കണക്കാക്കാതിരിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം മുതല്‍, നീറ്റ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി എന്‍ടിഎ എടുത്തുകളഞ്ഞിരുന്നു. വര്‍ഷത്തില്‍ ഒരു പരീക്ഷ മാത്രമുള്ളതിനാലും കോളേജുകള്‍ കുറവായതിനാലും നീറ്റ് പരീക്ഷ കൂടുതല്‍ പ്രയാസമുള്ളതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. പ്രായപരിധി ഉയര്‍ത്തുന്നത് ഇപ്പോള്‍ കൂടുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് തയ്യാറെടുക്കാനും അനുവദിക്കും.

മെഡിക്കല്‍ പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കിയിട്ടില്ലെങ്കിലും വര്‍ഷത്തില്‍ ഒന്നിലധികം തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഐ ഐ ടി-ജെഇഇ (IIT- JEE), നീറ്റ് (NEET), ക്ലാറ്റ് (CLAT), ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (CA) തുടങ്ങി ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് ഒരു റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയ്ക്ക് അടുത്തിടെ തുടക്കം കുറിച്ചിരിക്കുന്നു.

0 comments: