2022, മേയ് 19, വ്യാഴാഴ്‌ച

കണ്ണുമടച്ച്‌ മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

നിക്ഷേപങ്ങള്‍ പലതരത്തിലാണ്. ജീവിത സാഹചര്യത്തിന് അനുയോജ്യമായവ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് ആയാസമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും.ചെറിയ കാലയളവിലേക്ക് കൈയ്യിലുള്ള പണം നിക്ഷേപിച്ച്‌ മാസം തോറും നല്ലൊരു തുക കൈയ്യിലെത്തിക്കാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍​ഗങ്ങളുണ്ട്. ഇത്തരത്തിലുള്ളവ തിരഞ്ഞെടുക്കുമ്ബോള്‍ അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായിടത്താണ് ഏല്‍പ്പിക്കുന്നത് എന്ന് ഉറപ്പാക്കണം. തപാല്‍ സേവനങ്ങള്‍ക്കൊപ്പം ജനങ്ങളില്‍ സമ്ബാദ്യ ശീലം വരുത്തുന്ന നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ തപാല്‍ വകുപ്പ് ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ച്‌ നിക്ഷേപം നടത്തിയാല്‍ മികച്ച റിട്ടേണ്‍ നല്‍കുന്ന പദ്ധതികള്‍ തപാല്‍ വകുപ്പിന്റെതായിട്ടുണ്ട്. നഷ്ട സാധ്യതയുടെ കുറവ്, ഉറപ്പുള്ള റിട്ടേണ്‍, ഉയര്‍ന്ന പലിശ എന്നിവയ്‌ക്കൊപ്പം സങ്കീര്‍ണതകളില്ലാതെ നിക്ഷേപിക്കാമെന്നതും തപാല്‍ വകുപ്പ് നിക്ഷേപങ്ങളുടെ ആകര്‍ഷണീയതായാണ്. സ്ഥിര നിക്ഷേപങ്ങളെ വെല്ലുന്ന റിട്ടേണ്‍ ഇവയില്‍ നിന്ന് പ്രതീക്ഷിക്കാം.

പോസ്റ്റ് ഓഫീസ് എംഐഎസ്

തപാല്‍ വകുപ്പ് രാജ്യത്തെ പൗരന്മാര്‍ക്കായി അവതരിപ്പിച്ച പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട് (പോസ്റ്റ് ഓഫീസ് എംഐഎസ്) ആകര്‍ഷണീയമായ നിക്ഷേപ രീതിയാണ്. പോസ്റ്റ് ഓഫീസ് എംഐഎസില്‍ നിക്ഷേപം നടത്തുമ്ബോള്‍ മാസം തോറും 4950 രൂപ നിക്ഷേപകന് തിരികെ ലഭിക്കും. നിക്ഷേപം സുരക്ഷിതമാവുകയും നല്ലൊരു തുക മാസന്തോറും കൈയ്യില്‍ വരികയും ചെയ്യും. പ്രായ പരിധിയില്ലാതെ ആര്‍ക്കും അം​ഗമാകമെന്നതും സ്കീമിന്റെ ആകര്‍ഷണീയതയാണ്.

കുറഞ്ഞ നിക്ഷേപ പരിധി

പോസ്റ്റ് ഓഫീസ് എംഐ.എസ് സ്‌കീമില്‍ വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടില്‍ 4.5 ലക്ഷമാണ് കൂടിയ നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം വരെ നിക്ഷേപിക്കാം. എന്നാല്‍ ഒരാളുടെ വിഹിതം 4.5 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. രണ്ട് അക്കൗണ്ടിലും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് എംഐഎസ് നിക്ഷേപത്തിന്റെ കാലാവധി.

മാസം 4950 രൂപ ലഭിക്കുന്നത് എങ്ങനെ?

നിക്ഷേപം ആരംഭിക്കാനിരിക്കുന്നവര്‍ക്ക് മുന്നിലുള്ള ആകര്‍ഷണീയത മാസം ലഭിക്കുന്ന ഉയര്‍ന്ന റിട്ടേണാണ്. നിലവില്‍ 6.6 ശതമാനം പലിശ നിരക്ക് സ്‌കീം നല്‍കുന്നുണ്ട്. പോസ്റ്റ് ഓഫീസ് എംഐഎസില്‍ ജോയിന്റ് അക്കൗണ്ടില്‍ ഒന്‍പത് ലക്ഷം നിക്ഷേപിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കാം. 6.6 ശതമാനം നിരക്കില്‍ വര്‍ഷം 59,400 രൂപ പലിശയായി ലഭിക്കും. ഇതിനെ ഓരോ മാസത്തേക്ക് വീതിച്ചാല്‍ മാസന്തോറും 4950 രൂപ ലഭിക്കും. വ്യക്തിഗത അക്കൗണ്ടില്‍ ചേര്‍ന്നയാള്‍ക്ക് 2,475 രൂപയായിരിക്കും മാസന്തോറും ലഭിക്കുക.

പദ്ധതിയില്‍ ചേരുന്നതെങ്ങനെ?

ഇന്ത്യക്കാര്‍ക്കാണ് പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട എടുക്കുകയാണ് ആദ്യം വേണ്ടത്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാനാകും. പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ട് തുറക്കാം. പത്ത് വയസിന് മുകളില്‍ പ്രായമുള്ള നിക്ഷേപകന്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

കാലവധി

ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ നിക്ഷേപിച്ച തുകയുടെ രണ്ട് ശതമാനം കിഴിച്ച്‌ മാത്രമെ അനുവദിക്കുകയുള്ളൂ. മൂന്ന് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലാണെങ്കില്‍ ഒരു ശതമാനം കുറവ് വരുത്തും. അക്കൗണ്ട് കാലവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ തുക അവകാശിക്ക് ലഭിക്കും. അതുവരെയുള്ള പലിശയും അവകാശിക്ക് ലഭിക്കും.

0 comments: