2022, ജൂൺ 10, വെള്ളിയാഴ്‌ച

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ഡിസൈന്‍; ജൂണ്‍ 15 വരെ അപേക്ഷിക്കാം

 

കൊല്ലം കുണ്ടറയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ.) നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.)ഫാഷന്‍ ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെ അഫിലിയേഷനുള്ള ഈ ഫുള്‍ടൈം പ്രോഗ്രാമിന് അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

അഭിരുചിപരീക്ഷ/പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് രീതിയിലായിരിക്കും പ്രവേശനപരീക്ഷ. പരീക്ഷയുടെ ഭാഗമായുള്ള ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, അനലറ്റിക്കല്‍ എബിലിറ്റി, ജനറല്‍നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നിവ വിലയിരുത്തും. അഭിരുചിപരീക്ഷയുടെ മറ്റൊരുഘടകമായ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, നൈപുണി, നിരീക്ഷണപാടവം, പുതുമ, രൂപകല്പനാമികവ് എന്നിവ വിലയിരുത്തും. നിറങ്ങള്‍, ചിത്രീകരണം എന്നിവ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പരീക്ഷിക്കപ്പെടും. മുന്‍വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ https://www.iftk.ac.in/ ല്‍ അഡ്മിഷന്‍ ലിങ്കില്‍ ഉണ്ട്. 

രണ്ടാംഘട്ടമായി നടത്തുന്ന ഇന്റര്‍വ്യൂവില്‍ കരിയര്‍ ഓറിയന്റേഷന്‍, ഡിസൈന്‍ മേഖലയ്ക്കുള്ള അപേക്ഷാര്‍ഥിയുടെ അനുയോജ്യത, അക്കാദമിക്, പാഠ്യേതരനേട്ടങ്ങള്‍, ആശയവിനിമയശേഷി തുടങ്ങിയവ വിലയിരുത്തും. അപേക്ഷ https://www.iftk.ac.in/ അഡ്മിഷന്‍ വഴി ജൂണ്‍ 15 വരെ നല്‍കാം. പ്രോെസ്പക്ടസും ഇവിടെ ലഭിക്കും. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1500 രൂപ ഓണ്‍ലൈന്‍ ആയി അടയ്ക്കാം. പ്രവേശനപരീക്ഷ ജൂണ്‍ മൂന്നാംവാരം ഉണ്ടാകാം. ക്ലാസുകള്‍ ജൂലായ് രണ്ടാംവാരം തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iftk.ac.in/ കാണുക.

0 comments: