2022, ജൂൺ 4, ശനിയാഴ്‌ച

വിദ്യാഭ്യാസം കച്ചവടമായി; വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് ഫീസ് താങ്ങാനാകാത്തതിനാല്‍: സുപ്രീം കോടതി

 


രാജ്യത്ത് വിദ്യാഭ്യാസം  ഒരു വ്യവസായമായി മാറിയെന്ന ശ്രദ്ധേയമായ നിരീക്ഷണം നടത്തി സുപ്രീം കോടതി .വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായമായി ഇന്ത്യയിലെ വിദ്യാഭ്യാസം മാറിയെന്നും മെഡിക്കല്‍ കോളേജുകളിലെ ഉയര്‍ന്ന ഫീസ് കാരണം മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യുക്രെയ്ന്‍ (Ukraine) പോലുള്ള വിദൂര രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായെന്നും സുപ്രീം കോടതി പറഞ്ഞു.

2020-21 അധ്യയന വര്‍ഷം മുതല്‍ പുതിയ ഫാര്‍മസി കോളേജുകള്‍ തുടങ്ങാനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ഹിമ കോഹ്‌ലി എന്നിവരാണ് ഹര്‍ജികള്‍ പരി​ഗണിച്ചു കൊണ്ട് ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചത്. അഞ്ച് വര്‍ഷത്തേക്ക് പുതിയ ഫാര്‍മസി കോളേജുകള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ (Pharmacy Council of India (PCI) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പുതിയ കോളേജുകള്‍ തുടങ്ങുന്നതിന് അഞ്ചു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്നായിരുന്നു ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ് ഹൈക്കോടതികളുടെ ഉത്തരവ്.

ഫാര്‍മസി കോളേജുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നതും, അവയെ ഒരു കച്ചവടമാക്കിയതും വിദ്യാഭ്യാസ നിലവാരം താഴ്ത്തിയെന്നും അതുകൊണ്ടാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതെന്നും പിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

''ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു കച്ചവടമായി മാറിയെന്ന് എല്ലാവര്‍ക്കും അറിയാം. വന്‍കിട വ്യവസായ സ്ഥാപനങ്ങളാണ് മെഡിക്കല്‍, ഫാര്‍മസി കോളേജുകള്‍ നടത്തുന്നത്. വിദ്യാഭ്യാസച്ചെലവ് താങ്ങാനാകാത്തതാണ്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ യുക്രെയ്ന്‍ പോലുള്ള രാജ്യങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിതരാകുന്നു'', ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.0 comments: