രാജ്യത്തെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങള്‍ തുടങ്ങി.പ്രമുഖ ഡ്രോണ്‍-ടെക്‌നോളജി ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയില്‍ ആദ്യമായി ഡ്രോണ്‍ ഡെലിവറി പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കല്‍ ലാബ് സാംപിളുകളും ഡ്രോണ്‍ വഴി എത്തിച്ച്, പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
സ്കൈ എയറിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാംപിളുകളും മരുന്നുകളും തുടക്കത്തില്‍ കോഴിക്കോട്ടു നിന്നായിരിക്കും വായുമാര്‍ഗം ഡെലിവറി ചെയ്യുക. വൈകാതെ തന്നെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്കൈ എയറിന്റെ നൂതന ഉല്‍പ്പന്നമായ സ്കൈ ഷിപ്പ് വണ്‍ ഡ്രോണ്‍ ആണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മെഡിക്കല്‍, ഡയഗ്നോസ്റ്റിക് സാംപിളുകളുടെ ഡെലിവറി വേഗത്തിലാക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാണെന്ന് സ്കൈ എയര്‍ ഉല്‍പന്നങ്ങള്‍ തെളിയിക്കുന്നു. 5 ദിവസത്തെ BVLOS ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കുള്ള രക്ത സാംപിളുകളും മരുന്നുകളും വഹിച്ചുള്ള അമ്പതോളം ഡ്രോണ്‍ പറത്തലുകളാണ് സ്കൈ എയര്‍ ലക്ഷ്യമിടുന്നത്.
താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളില്‍ ആദ്യം മരുന്നും ഡയഗ്നോസ്റ്റിക് സാംപിളുകളും കയറ്റിവയ്ക്കും. സ്കൈ എയര്‍ കോള്‍ഡ് ചെയിന്‍പ്രൊഫഷണലുകളായിരിക്കും ഈ ജോലികള്‍ ചെയ്യുക. ഈ പേലോഡ് ബോക്‌സ് പിന്നീട് ഡ്രോണില്‍ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുന്‍കൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ കേരള- ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഡ്രോണുകള്‍ സാധാരണയായി ഫിലിം, ഫോട്ടോ ഷൂട്ടുകള്‍ക്ക് ഉപയോഗിച്ചാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അതിനെ മരുന്നുകളും ലാബ് സാംപിളുകളും കൈമാറ്റം ചെയ്യാന്‍ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ എന്ന വിപ്ലവകരമായ ചിന്തയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പദ്ധതി വിജയകരമാകുന്നതോടെ ഡ്രോണുകള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം വീടുകളില്‍ അടക്കം എത്തിച്ചേരാനും മരുന്നുകള്‍ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.
0 comments: