2022, ജൂൺ 13, തിങ്കളാഴ്‌ച

എന്‍ജി. പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ ലഭിച്ചാല്‍ ആദ്യ കോളജ് ഫീസും സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കണം

 


കേരള എന്‍ജിനീയറിങ് പ്രവേശനത്തിന്‍റെ അവസാന തീയതിയില്‍ സ്പോട്ട് അഡ്മിഷന്‍ രീതിയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നേരേത്ത മറ്റ് കോളജുകളില്‍ പ്രവേശനം ലഭിച്ചവരാണെങ്കില്‍ ആദ്യം അടച്ച ട്യൂഷന്‍ ഫീസും സര്‍ട്ടിഫിക്കറ്റുകളും കോളജുകള്‍ തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

സ്പോട്ട് അഡ്മിഷന്‍ ലഭിച്ചിട്ടും നേരേത്ത പ്രവേശനം ലഭിച്ച കോളജുകള്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും തിരികെ നല്‍കാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച്‌ നിരവധി പേര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. പ്രവേശനത്തിന് നിശ്ചയിച്ച അവസാന തീയതിയില്‍ സ്പോട്ട് അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് തൊട്ടടുത്ത പ്രവൃത്തിദിവസം ആദ്യം പ്രവേശനം നേടിയ കോളജ് വിടുതല്‍ സര്‍ട്ടിഫിക്കറ്റും (ടി.സി) മറ്റ് സര്‍ട്ടിഫിക്കറ്റുകളും ട്യൂഷന്‍ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും തിരികെ നല്‍കണമെന്ന് കമീഷന്‍ അഭിപ്രായപ്പെടുകയും സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കമീഷന്‍ നിര്‍ദേശം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും ആദ്യം പ്രവേശനം നേടിയ കോളജ് തിരികെ നല്‍കണം. അവസാനദിവസം പുതിയ കോളജില്‍ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥി തൊട്ടടുത്ത പ്രവൃത്തിദിവസം ആദ്യ കോളജില്‍ ടി.സിക്കായി അപേക്ഷിക്കുകയും വേണം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന മുഴുവന്‍ കോളജുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

0 comments: