2022, ജൂൺ 27, തിങ്കളാഴ്‌ച

ഉപരിപഠനം: ആശയക്കുഴപ്പം വേണ്ട

പ്ലസ് ടു പരീക്ഷ വിജയിച്ചു കഴിഞ്ഞവര്‍ എത്തിച്ചേരുന്നത് ഒരു ട്രാഫിക്ക് ജങ്ഷനിലാണെന്ന് പറയാം!.ഏത് ഉപരിപഠന വഴി തെരഞ്ഞെടുക്കണമെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പം സ്വാഭാവികമാണ്. ഹയര്‍ സെക്കന്‍ഡറിക്കുശേഷം ഏത് കോഴ്സാണ് ആകര്‍ഷകം എന്ന ചോദ്യത്തിന്, എല്ലാ കോഴ്സുകളും ആകര്‍ഷകം തന്നെയാണെന്നാണ് ഉത്തരം. പക്ഷെ ഈ തെരഞ്ഞെടുക്കലില്‍ സംഭവിക്കുന്ന ധാരണപ്പിശകുകളും, ചില രക്ഷിതാക്കളുടെ ‘ഈഗോയും'വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസൃതമായ കോഴ്സുകളില്‍നിന്നും അവരെ മാറ്റിനിര്‍ത്തുന്നു. പഠിക്കുന്നത് ഞാനല്ല എന്റെ കുട്ടിയാണ്‌എന്ന ധാരണ രക്ഷിതാക്കള്‍ക്കുണ്ടാകണം.

പ്രൊഫഷണല്‍ കോഴ്സുകളോടൊപ്പം ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ്, മാനേജ്മെന്റ് ഡിഗ്രി കോഴ്സുകളും ഇന്നത്തെ കാലയളവില്‍ ഏറെ ആകര്‍ഷകവും ജോലി സാധ്യതയുള്ളവയുമാണ്. അവിടെയും ഭാഷാ വിഷയങ്ങളില്‍ അഭിരുചിയുള്ളവര്‍ അതിനനുസൃതമായ ഡിഗ്രി കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍ഗണന നല്‍കാം. ഡിഗ്രി പഠനത്തിനുശേഷമുള്ള ജോലികളും ബിരുദാനന്തര പഠനത്തിനുശേഷമുള്ള അവസരവും അതുവഴിയുള്ള ജോലികളും ഗവേഷണ പഠന സാധ്യതകളും നിങ്ങള്‍ക്കായി ഉണ്ട്. അതുപോലെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരുമ്ബോഴും അഭിരുചിക്കനുസരിച്ച ബ്രാഞ്ചുകളും ഐച്ഛികവിഷയങ്ങളും തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മികച്ച കോളേജുകള്‍ എന്ന നിലയില്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്ന സ്ഥാപനങ്ങളിലെ എല്ലാ കോഴ്സുകളും മികച്ചതായിരിക്കണമെന്നില്ല. ഹയര്‍സെക്കന്‍ഡറി വിജയികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളും കൈയെത്തുന്നിടത്താണ്. ബിരുദപഠനത്തിന് തുടര്‍ച്ചയായിതന്നെ ബിരുദാനന്തര പഠനവും തുടരുന്നു എന്നതാണ് ഈ കോഴ്സിന്റെ ആകര്‍ഷണം. ഡിഗ്രി പഠനത്തിനുശേഷം പോസ്റ്റ് ഗ്രാജ്വേറ്റ്പഠനത്തിനായി ഏതു കോഴ്സ്, ഏത് സ്ഥാപനം എന്ന അനിശ്ചിത ത്വം ഇവിടെ ഒഴിവാകുന്നു. സയന്‍സ്, ആര്‍ട്സ്, കൊമേഴ്സ്, മാനേജ്മെന്റ് എന്നീ എല്ലാ പഠനശാഖയിലും അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇത്തരം കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശാലകളിലെ പഠന കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും ഇപ്പോള്‍ ഉണ്ട്.

0 comments: