പ്ലസ് ടു ജയിച്ച കുട്ടികള്‍ നേരിടാന്‍ പോകുന്ന ആദ്യപ്രശ്നം ഒരുപക്ഷേ ‘ന്യൂജെന്‍ കോഴ്സുകളുടെ’ പട്ടികയുമായി വരുന്ന ഉപദേശകരെ നേരിടലാകും.തുടര്‍പഠനം നമ്മുടെ അഭിരുചിയും താല്‍പ്പര്യവും മനോഭാവവുമൊക്കെ അനുസരിച്ചാകണമെന്ന് പറയാന്‍ എളുപ്പമാണെങ്കിലും ഇതൊക്കെ ആദ്യമേ കണ്ടെത്താന്‍ നമുക്ക് കഴിയണമെന്നില്ല. അതൊരു കുറവല്ലെന്ന് മാത്രമല്ല, എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയിലും നമ്മുടേതായ ഒരു സ്പേയ്സ് അഥവാ സാധ്യതകളുടെ ലോകം മുന്നിലുണ്ടാകുമെന്ന ധൈര്യത്തില്‍ മുന്നോട്ടുപോകുക.
സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങിയ ബിരുദ സ്ട്രീമുകള്‍, എന്‍ജിനിയറിങ്, മെഡിസിന്‍, നിയമം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ ഇവയൊക്കെയാണ് സാധാരണ തുടര്‍പഠന സാധ്യതകളായി മുന്നിലുള്ളത്. പുതിയ കാലത്തിന്റെ പ്രത്യേകത സമാന്തരമായ പഠനത്തിനുള്ള അവസരങ്ങള്‍ കൂടിയുണ്ട് എന്നതാണ്. എന്‍ജിനിയറിങ്ങില്‍ത്തന്നെ സിവില്‍ എടുത്തവര്‍ക്ക് ഐടിയും തിരിച്ചുമൊക്കെ മൈനര്‍ കോഴ്സായി പഠിക്കാന്‍ അവസരമുണ്ട്.
ജോലി സാധ്യത ഐടി മേഖലയ്ക്ക് ഏറെയുണ്ട്. ഇതിന് ബിസിഎ, ബിഎസ്സി കമ്പ്യൂട്ടർ സയന്‍സ് തുടങ്ങിയ കോഴ്സുകളും പോളിടെക്നിക്കിലെ കമ്പ്യൂട്ടർ ഡിപ്ലോമയും ഒന്നും വേണമെന്നു തന്നെയില്ല. ഇവിടെയാണ്‌ആദ്യം സൂചിപ്പിച്ച മൈനര്‍ - സമാന്തര കോഴ്സുകളുടെയൊക്കെ പ്രസക്തിയേറുന്നത്. എന്‍ജിനിയറിങ് കോഴ്സുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇടയ്ക്കൊക്കെ മാന്ദ്യമുണ്ടായാലും ഐടിയുടെ സാധ്യത അടുത്തകാലത്തൊന്നും ഇല്ലാതാകാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. നമ്മുടെ അറിവും നൈപുണ്യവും അനുസരിച്ച് വ്യത്യസ്ത നിലകളിലാകുന്നതിനാല്‍ ആഴത്തില്‍ പഠിക്കാന്‍ തയ്യാറായേ പറ്റൂ. ബിരുദവും കഴിഞ്ഞ് ഏതെങ്കിലും സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുമ്ബോള്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ കഴിയും.
നാം പഠിക്കുന്ന വിഷയത്തില്‍ നല്ല അടിത്തറയുണ്ടാക്കണം. ബിടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന കോഴ്സില്‍ കമ്പ്യൂട്ടർ സയന്‍സിനായിരിക്കും പ്രാമുഖ്യം എന്നതുകൊണ്ട് പ്രൊഫഷണല്‍ കോഴ്സുകളില്‍ ഇത് വലിയ പ്രശ്നം ഉണ്ടാക്കണമെന്നില്ല.അതോടൊപ്പം ഡാറ്റാ സയന്‍സ് കൂടിയ വൈദഗ്ധ്യം ആവശ്യപ്പെടുമ്ബോള്‍ ഡാറ്റാ എന്‍ജിനിയറിങ് എന്നത് കുറച്ചുകൂടി കൈയിലൊതുങ്ങും. ഇക്കണോമിക്സ് - സ്റ്റാറ്റിസ്റ്റിക്സ് കോമ്ബിനേഷനൊക്കെ പ്രസക്തി ഏറുകയാണ്. മാറിയകാലത്ത് സൈബര്‍ സെക്യൂരിറ്റി ഒരു പ്രധാന മേഖലയാണെങ്കിലും കൃത്യമായി ഇതിന്റെ തൊഴില്‍ സാധ്യതകള്‍ കൂടുതല്‍ ( ഉദാഹരണം: ഫോറന്‍സിക് സയന്‍സ്) രൂപപ്പെട്ടു വരേണ്ടതുണ്ട്. എന്നാല്‍, പ്ലസ് ടുവിനു ശേഷംതന്നെ മറ്റു പഠനത്തോടൊപ്പം വന്‍കിട കമ്ബനികളുടെയെല്ലാം ഐടി സുരക്ഷാ പഴുതുകള്‍ കണ്ടെത്താന്‍ കഴിയുന്ന ടൂളുകള്‍ പഠിപ്പിക്കുന്ന owasp.org പോലുള്ള ഓപ്പണ്‍ സംവിധാനങ്ങളുണ്ട്.
വിശകലന ബുദ്ധിയും സാഹചര്യങ്ങളെ നേരിടാനുള്ള പ്രായോഗികതയും വളര്‍ത്തിയെടുക്കലാണ് ഏറ്റവും പ്രാധാനം. പ്രമുഖ ഐടി കമ്പനികള്‍വരെ ഐടി ഇതര ബ്രാഞ്ചുകളില്‍നിന്നുള്ളവരെ ക്യാമ്ബസ് ഇന്റര്‍വ്യൂവിലൂടെയും മറ്റും തെരഞ്ഞെടുക്കുമ്ബോള്‍ പ്രധാനമായും പരീക്ഷിക്കുന്നത് റീസണിങ് എബിലിറ്റിയാണ് എന്നോര്‍ക്കുക. അടിസ്ഥാന പ്രോഗ്രാമിങ് ശേഷി ആര്‍ജിക്കാനായി ‘പൈതണ്‍’ പ്രോഗ്രാമിങ് ഭാഷ പഠിക്കുന്നത് ഏറെ പ്രയോജനപ്പെടും. നമ്മുടെ 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തില്‍ നല്‍കിയ പൈതണ്‍ പ്രോഗ്രാമിങ്, ഗ്രാഫിക്സ് അധ്യായങ്ങള്‍വച്ച് തന്നെ ഇതു തുടങ്ങാം. കൂടാതെ ലളിതമായ ട്യൂട്ടോറിയലുകള്‍ നെറ്റില്‍ ലഭ്യമാണ്.
0 comments: