2022, ജൂൺ 27, തിങ്കളാഴ്‌ച

പ്ലസ്ടുക്കാര്‍ക്ക് മികച്ച പ്രവേശനപരീക്ഷകള്‍

 

പ്ലസ്ടുക്കാര്‍ക്ക് ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ നിരവധി പ്രവേശന പരീക്ഷകളുണ്ട്.ഇവയില്‍ പ്രൊഫഷണല്‍ കോഴ്സുകളേറെയുണ്ട്. പരീക്ഷകളിലെ മികച്ച സ്കോറുകള്‍ പ്രവേശനം എളുപ്പമാകും.

 നീറ്റ്(NEET)

നീറ്റും മെഡിക്കല്‍, കാര്‍ഷിക കോഴ്സുകളും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്(NEET). പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാം.ഈ വര്‍ഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. പരീക്ഷ ജൂലൈ 17നാണ്. നീറ്റില്‍ മൊത്തം 720 മാര്‍ക്കിന്റെ 180 ചോദ്യമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയില്‍നിന്ന് 45 വീതം ചോദ്യം. നെഗറ്റീവ് മാര്‍ക്കിങ് രീതി നിലവിലുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. കേരളത്തില്‍ നീറ്റ് വഴി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ കീം(KEEM)ല്‍ രജിസ്റ്റര്‍ ചെയ്യണം. എയിംസ്, ജിപ്മര്‍, എഎഫ്‌എംസി, കേന്ദ്ര സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, സ്വകാര്യ കോളേജുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍

എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളായ ജെഇഇ, കീം, കുസാറ്റ് എന്നിവ കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷകളാണ്. ജെഇഇ യ്ക്കു മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകളുണ്ട്. കേരളത്തില്‍ എന്‍ജിനിയറിങ് പ്രവേശനം പരീക്ഷാ കമീഷണര്‍ നടത്തുന്ന കീം പരീക്ഷയിലൂടെയാണ്. രാജ്യത്തെ എന്‍ഐടി, ഐഐഐടികള്‍ എന്നിവിടങ്ങളില്‍ എന്‍ജിനിയറിങ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെഇഇ മെയിനിലും ഐഐടി കളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡിലും മികച്ച റാങ്ക് ആവശ്യമാണ്. ജെഇഇ മെയിന്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. രാജ്യത്തെ എന്‍ഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാല്‍പ്പതോളം ദേശീയ സ്ഥാപനങ്ങള്‍, ഐഐഎസ്ടി എന്നിവിടങ്ങളില്‍ ബിടെക് പ്രവേശനത്തിന് ജെഇഇ മെയിന്‍ സ്കോര്‍ പരിഗണിക്കും. ഐഐടികളില്‍ പ്രവേശനം ലഭിക്കാന്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മികച്ച സ്കോര്‍ നേടണം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാന്‍, ബിആര്‍ക് കോഴ്സുകള്‍ക്ക് പ്രവേശനം നേടാം.

കേരളത്തില്‍

കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ, സഹകരണ മേഖലയിലെ എന്‍ജിനിയറിങ് കോളേജുകളില്‍ ബിടെക് പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന കീംമില്‍ മികച്ച റാങ്ക് നേടണം. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ(കുസാറ്റ്) കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി പ്രവേശനത്തിന് പ്രത്യേകം പൊതുപരീക്ഷയുണ്ട്. മറൈന്‍ എന്‍ജിനിയറിങ് കോഴ്സും ഇവിടെ ഉണ്ട്.

കേരളത്തില്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ സ്കോറിനോടൊപ്പം പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ മാര്‍ക്കും പരിഗണിക്കും. ആര്‍ക്കിടെക്ചറിന് നാറ്റാ റാങ്ക് പരിഗണിക്കും. ബിഫാം അഡ്മിഷന് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ കോഴ്സുകള്‍, ആയുര്‍വേദം, ബിഫാം എന്നീ കോഴ്സുകള്‍ക്കായി അഞ്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, ബിഎസ്‌എംഎസ്, ബിഎസ്സി അഗ്രി, ബിവിഎസ്സി, എഎച്ച്‌, ബിഎഫ്‌എസ്സി കോഴ്സുകള്‍ക്ക് പ്രവേശനം നേടാം.

അഖിലേന്ത്യാ തലത്തിലുള്ള 15 ശതമാനം കാര്‍ഷിക ബിരുദ സീറ്റുകളിലേക്ക് ഐക്കര്‍(ICAR) പ്രവേശന പരീക്ഷയുണ്ട്. കീം റാങ്ക് ലിസ്റ്റില്‍നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, ഫിഷറീസ് & ഓഷ്യാനോഗ്രഫി സര്‍വകലാശാല എന്നിവിടങ്ങളിലേക്ക് ബിടെക് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്, ഫുഡ് എന്‍ജിനിയറിങ്, ഡയറി സയന്‍സ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബിഫാം കോഴ്സുകള്‍ക്ക് പ്രവേശനം നടക്കും. ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളായ എന്‍ഐഎഫ്ടിഇഎം( NIFTEM) ഹരിയാന, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനം ജെഇഇ മെയിന്‍ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.

ഐസറുകള്‍

ശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്ഥാപനമാണ് ഐസറുകള്‍. രാജ്യത്തെ ഐസറുകളില്‍ (ബെര്‍ഹാംപൂര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി) പ്ലസ് ടു സയന്‍സ് സ്ട്രീം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബിഎസ്/എംഎസ് പ്രോഗ്രാമിന് മൂന്നു രീതിയിലാണ് പ്രവേശന പ്രക്രിയ. സ്റ്റേറ്റ്, സെന്‍ട്രല്‍, പ്ലസ് ടു ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഐസര്‍ അഭിരുചി പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ് ടുവില്‍ 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ മൂന്നിനാണ് ഐസര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 11, 12 ക്ലാസുകളില്‍ നടത്തിയ കെവിപിവൈ സ്കോളര്‍ഷിപ്പ് നേടിയവര്‍ക്കും ജെഇഇ(അഡ്വാന്‍സ്ഡ്)ല്‍ മികച്ച റാങ്കുള്ളവര്‍ക്കും സെപ് തംബര്‍ 15 വരെ അപേക്ഷിക്കാം. ഇവര്‍ അഭിരുചി പരീക്ഷ എഴുതേണ്ടതില്ല. വെബ്സൈറ്റ്: www.iiseradmission.in

0 comments: