ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. കേരള, കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള യു.ജി.സി അംഗീകാരം നിലനില്‍ക്കെയാണ് പുതിയ പ്രവേശനം സര്‍ക്കാര്‍ വിലക്കിയത്. ഓപണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോ(ഡി.ഇ.ബി)യില്‍നിന്ന് 2022-'23 അധ്യയന വര്‍ഷം മുതല്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ മാത്രമേ ഈ വര്‍ഷം മറ്റു സര്‍വകലാശാലകള്‍ക്ക് കോഴ്സുകള്‍ നടത്താന്‍ അനുമതി നല്‍കൂവെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓപണ്‍ സര്‍വകലാശാലക്കായി പാസാക്കിയ ആക്ടിലെ വ്യവസ്ഥയുടെ ബലത്തിലാണ് ഇതരസര്‍വകലാശാലകളിലെ കോഴ്സുകള്‍ വിലക്കുന്നത്. ഓപണ്‍ സര്‍വകലാശാല നിലവില്‍വരുന്നതോടെ ഇതരസര്‍വകലാശാലകളില്‍ വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ നടത്തരുതെന്ന ആക്‌ട് വ്യവസ്ഥക്കെതിരെ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍വകലാശാല നിലവില്‍വന്ന് രണ്ടു വര്‍ഷത്തോടടുക്കുമ്ബോഴും കോഴ്സുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ആക്‌ട് വ്യവസ്ഥയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനമിറക്കി മറ്റു സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു.ജി.സി അഞ്ചു വര്‍ഷത്തേക്ക് ഒരുമിച്ച് അംഗീകാരം നല്‍കി. ഈ മാസം 21ന് പ്ലസ് വണ്‍ ഫലം പ്രസിദ്ധീകരിക്കുകയും പിന്നാലെ റെഗുലര്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങുകയും ചെയ്യും.
ഇതോടൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിക്കണം. പഠനക്കുറിപ്പുകള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം സര്‍വകലാശാലകള്‍ക്ക് വിലങ്ങുതടിയായി.വിദൂരവിദ്യാഭ്യാസത്തിനും പ്രൈവറ്റ് രജിസ്ട്രേഷനും ഇതരസര്‍വകലാശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത് മതിയായ ബിരുദപഠന സൗകര്യമില്ലാത്ത വടക്കന്‍ കേരളത്തിലെ വിദ്യാര്‍ഥികളെയാകും പ്രതിസന്ധിയിലാക്കുക. നിലവില്‍ കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസ കോഴ്സിന് യു.ജി.സി അനുമതിയുണ്ട്. കണ്ണൂര്‍, എം.ജി സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ തുടരുന്നു.
0 comments: