2022, ജൂൺ 19, ഞായറാഴ്‌ച

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളെക്കുറിച്ചു (VHSC)കൂടുതലറിയാം

 


തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യമുള്ളതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി.പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത  കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും തൊഴിലില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ വിഎച്ച്‌എസ്‌ഇ കോഴ്‌സ്.സ്‌കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുകയാണ് വിഎച്ച്‌എസ്‌ഇ കോഴ്‌സിന്റെ ലക്ഷ്യം.

എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്‌എസ്‌ഇ. കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്‌എസ്‌ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്‌കൂളുകളിലായിരുന്നു അന്ന് വിഎച്ച്‌എസ്‌ഇ പഠനം. ഇന്ന് 389 ലധികം സ്‌കൂളുകളിലായി 1100 ലധികം ബാച്ചുകള്‍ വിഎച്ച്‌എസ്‌ഇക്ക് ഉണ്ട്. ഇതിലൂടെ 46 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 389ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്. ഇന്ന് നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിം വര്‍ക്കിന്റെ (എന്‍എസ്ക്യുഎഫ്.) ഭാഗമാണ് വിഎച്ച്‌എസ്‌ഇ കോഴ്സുകള്‍.

കോഴ്‌സിന്റെ പ്രത്യേകതകള്‍

സയന്‍സ് ഗ്രൂപ്പുകള്‍ എടുക്കുന്നവര്‍ കണക്കും ബയോളജിയും ഒന്നിച്ച്‌ പഠിക്കേണ്ടതില്ല. ഗ്രൂപ്പ് എ കോഴ്സുകളുള്ള കോമ്ബിനേഷനില്‍ ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം കണക്കും ഗ്രൂപ്പ് ബി കോഴ്സുകള്‍ക്കൊപ്പം കണക്കിനുപകരം ബയോളജിയും മാത്രം മതി. ഗ്രൂപ്പ് ബി വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതാന്‍ താത്പര്യമുണ്ടെങ്കില്‍ കണക്ക് അധികവിഷയമായി പഠിക്കാന്‍ സൗകര്യമുണ്ട്.

ഗ്രൂപ്പ് എ കോഴ്സുകള്‍

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ബയോളജി പഠനമില്ലാത്ത സയന്‍സ് ഗ്രൂപ്പാണിത്. ഇതിലുള്ള 17 സെക്ടറുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. 1. അഗ്രിക്കള്‍ച്ചര്‍ മെഷീനറി ഓപ്പറേറ്റര്‍, 2. അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റര്‍, 3. ഓട്ടോ സര്‍വീസ് ടെക്നീഷ്യന്‍, 4. ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍, 5. ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 6. ഡ്രാഫ്റ്റ്സ്മാന്‍, 7. ഇലക്‌ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍സ്, 8. ഫാബ്രിക് ചെക്കര്‍, 9. ഫീല്‍ഡ് ടെക്നീഷ്യന്‍ എയര്‍ കണ്ടീഷണര്‍, 10. ഫീല്‍ഡ് ടെക്നീഷ്യന്‍ കംപ്യൂട്ടിങ് ആന്‍ഡ് പെരിഫറല്‍സ്, 11. ഗ്രാഫിക് ഡിസൈനര്‍, 12. ഇന്‍ലൈന്‍ ചെക്കര്‍, 13. ജൂനിയര്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍, 14. മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക് പ്രോസസിങ്, 15. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍, 16. പ്ലംബര്‍ ജനറല്‍, 17. സോളാര്‍ ആന്‍ഡ് ലെഡ് ടെക്നീഷ്യന്‍ ഇലക്‌ട്രോണിക്സ്.

ഗ്രൂപ്പ് ബി

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ കോമ്ബിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്, കണക്ക് ഇല്ലാത്ത സയന്‍സ് ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിലെ പഠന സെക്ടറുകള്‍ 23 എണ്ണമുണ്ട്. 1. അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍, 2. വെജിറ്റബിള്‍ ഗ്രോവര്‍, 3. ബേബി കെയര്‍ ഗിവര്‍, 4. ബ്യൂട്ടി തെറാപ്പിസ്റ്റ്, 5. ഡെയറി പ്രോസസിങ് എക്യുപ്മെന്റ് ഓപ്പറേറ്റര്‍, 6. അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് പ്രൊവൈഡര്‍, 7. ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, 8. ഡെയറി അസിസ്റ്റന്റ്, 9. ഫിഷ് ആന്‍ഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യന്‍, 10. ഫിഷിങ് ബോട്ട് മെക്കാനിക്, 11. ഫിറ്റ്നസ് ട്രെയ്നര്‍, 12. ഫ്ളോറികള്‍ച്ചറിസ്റ്റ് ഓപ്പണ്‍ കള്‍ട്ടിവേഷന്‍, 13. ഫ്ളോറികള്‍ച്ചറിസ്റ്റ് പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍, 14. ഫ്രണ്ട്ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍, 15. ഗാര്‍ഡനര്‍, 16. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, 17. മെഡിക്കല്‍ എക്യുപ്മെന്റ് ടെക്നീഷ്യന്‍, 18. മൈക്രോ ഇറിഗേഷന്‍ ടെക്നീഷ്യന്‍, 19. ഓര്‍ഗാനിക് ഗ്രോവര്‍, 20. ഓര്‍ഗാനിക് ഫിഷ് ടെക്നീഷ്യന്‍, 21. ഷ്രിമ്ബ് ഫാര്‍മര്‍, 22. സ്മോള്‍ പോള്‍ട്രി ഫാര്‍മര്‍, 23. ഇന്റീരിയര്‍ ലാന്‍ഡ്സ്കേപ്പര്‍.

ഗ്രൂപ്പ് സി

ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയാണ് കോമ്ബിനേഷന്‍. ടൂര്‍ ഗൈഡ് എന്ന സെക്ടര്‍ മാത്രമാണ് ഇതിലുള്ളത്.

ഗ്രൂപ്പ് ഡി

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, മാനേജ്മെന്റ് എന്നിവയാണ് കോമ്ബിനേഷന്‍. അഞ്ച് സെക്ടറുകള്‍ ഇതിലുണ്ട്. 1. ബിസിനസ് കറസ്പോണ്ടന്‍സ് ആന്‍ഡ് ബിസിനസ് ഫെസിലിറ്റേറ്റര്‍, 2. അക്കൗണ്ട്സ് എക്സിക്യുട്ടീവ്, 3. ക്രാഫ്റ്റ് ബേക്കര്‍, 4. ഓഫീസ് ഓപ്പറേഷന്‍ എക്സിക്യുട്ടീവ്, 5. സെയില്‍സ് അസോസിയേറ്റ്.

46 കോഴ്സുകള്‍ വിഎച്ച്‌എസ്‌ഇയില്‍ ലഭ്യമാണ്. നിരവധി തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ബഹുഭൂരിപക്ഷവും. എല്ലാ സ്‌കൂളുകളിലും എല്ലാ കോഴ്‌സും ലഭ്യമല്ല. ഓരോ സ്‌കൂളിലും ലഭ്യമായ കോഴ്‌സുകള്‍ നോക്കി വേണം പ്രവേശനം തേടാന്‍. വൊക്കേഷണല്‍ കോഴ്‌സുകള്‍ പലതും പിഎസ് സി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൃഷി വകുപ്പിലെ ബഹുഭൂരിപക്ഷം കൃഷി അസ്സിസ്റ്റന്‍മാരും വിഎച്ച്‌എസ്‌ഇ കോഴ്‌സ് കഴിഞ്ഞവരാണ്.

തൊഴിലവസരങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുമൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളടക്കം അഭിസംബോധന ചെയ്യുന്നതിനും എല്ലാ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിലും കരിയര്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പരിശ്രമംകൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖലയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് വിഎച്ച്‌എസ്‌ഇ.

വിഎച്ച്‌എസ്‌ഇ പാസ്സാകുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളീല്‍ അപ്രന്റീസ് ട്രെയിനിംഗിനുള്ള സൌകര്യവും ക്യാമ്ബസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള അവസരവും ഉണ്ട്. അതായത് വിജയകരമായി വിഎച്ച്‌എസ്‌ഇ കോഴ്സ് പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥി ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനോടൊപ്പം സ്വന്തമായി ഒരു തൊഴില്‍ ചെയ്യാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുമ്ബോള്‍ ഹയര്‍സെക്കന്ററി തലത്തില്‍ കേരളത്തില്‍ നിലവിലുള്ള വിദ്യാഭ്യാസ രീതികളില്‍ ഏറ്റവും മികച്ചത് ഇതാണെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ന് കേരളത്തില്‍ ഇതിനുള്ള സ്ഥാനം പുറകിലാണെന്ന് പറയാതെ വയ്യ. ഈ വിദ്യാഭ്യാസരീതിയെക്കുറിച്ചും, ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിനു പ്രധാനകാരണം.

വിഎച്ച്‌എസ്‌ഇ എന്നാല്‍ വേണ്ടാത്ത ഹയര്‍ സെക്കന്ററി എന്ന ഒരു പ്രചരണം തമാശയായിട്ടാണെങ്കിലും നടക്കുന്നുണ്ട്. എന്നാല്‍ സാധാരണ പ്ലസ് ടൂ‍ കോഴ്സിനേക്കാള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ് വിഎച്ച്‌എസ്‌ഇ എന്ന് കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറിയുടെ പ്രാധാന്യം സംബന്ധിച്ച്‌ കൂടുതല്‍ പ്രചാരം നല്‍കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

0 comments: