പരിഷ്‌കരണം തുടങ്ങിയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങള്‍ 2024-ല്‍ എത്തുക പുതിയ സ്‌കൂള്‍ ഘടനയിലേക്ക്. പരിഷ്‌കരണപ്രക്രിയയ്ക്കൊപ്പം സ്‌കൂള്‍ ഏകീകരണ പ്രവര്‍ത്തനങ്ങളും നടത്താനാണ് സര്‍ക്കാര്‍ ശ്രമം. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് നയം. സ്‌കൂളിന് ഒരു മേധാവി എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഖാദര്‍ കമ്മിഷന്‍ ശുപാര്‍ശകളില്‍ പ്രധാനമാണ് സ്‌കൂള്‍ ഏകീകരണം.
ദേശീയ പാഠ്യപദ്ധതിയെ പൂര്‍ണമായും തള്ളിയുള്ള ഒരു പരിഷ്‌കരണം സംസ്ഥാനത്ത് നടക്കില്ലെന്നത് വസ്തുതയാണ്. അതിനാല്‍ ദേശീയ പദ്ധതിയില്‍ ഉള്‍ക്കൊള്ളാവുന്നവ സ്വീകരിച്ചുള്ള ശൈലിയായിരിക്കും ഉണ്ടാവുക. പ്രീപ്രൈമറി മുതല്‍ 12-ാം ക്ലാസുവരെ ഒരു യൂണിറ്റായി കണ്ടുള്ള രീതിയാണ് ദേശീയ നയത്തിലുള്ളത്. അവിടെ പ്രീപ്രൈമറി മുതല്‍ രണ്ടാം ക്ലാസ് വരെ ആദ്യ ഘട്ടം, മൂന്നു മുതല്‍ അഞ്ചുവരെ രണ്ടാം ഘട്ടം, ആറു മുതല്‍ എട്ടുവരെ മൂന്നാം ഘട്ടം, ഒമ്പതു മുതല്‍ 12 വരെ നാലാം ഘട്ടം എന്നതാണ് ഘടന.
എന്നാല്‍ കേരളത്തില്‍ ഇതല്ല രീതി. ഇവിടെ ഒന്നു മുതല്‍ നാലുവരെ എല്‍.പി.,അഞ്ചു മുതല്‍ ഏഴു വരെ യു.പി, എട്ടു മുതല്‍ 10 വരെ സെക്കന്‍ഡറി , 11-ഉം 12-ഉം ഹയര്‍സെക്കന്‍ഡറി എന്നതാണ് നിലവിലെ രീതി. അതേ സമയം ഖാദര്‍കമ്മിഷന്‍ ശുപാര്‍ശയില്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ദേശിച്ചിട്ടില്ല. എട്ടു മുതല്‍ 10 വരെ ലോവര്‍ സെക്കന്‍ഡറിയും 11, 12 എന്നിവ സെക്കന്‍ഡറിയുമാണ്. എട്ടാം ക്ലാസിനെ പ്രൈമറിയുടെ ഭാഗമാക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ല.
ഏകോപനം വരുമ്പോള്‍ ഒരു സ്‌കൂളിന് ഒരു മേധാവി മാത്രമേ ഉണ്ടാവൂ. അങ്ങനെ വരുമ്പോള്‍ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് യോഗ്യതയും സീനിയോരിറ്റിയും അനുസരിച്ച് പ്രിന്‍സിപ്പലാകാം.
ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപക സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നതും ഇതിനെയാണ്. നിലവില്‍ ഹയര്‍സെക്കന്‍ഡറിക്ക് ഓഫീസ് സംവിധാനമില്ല. ഏകോപനം വരുമ്പോള്‍ ഇതെല്ലാം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഏകോപനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഒരു ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിരുന്നു. സ്പെഷ്യല്‍ റൂള്‍ കമ്മിറ്റി എന്ന പേരിലുള്ള ഇതിന്റെ പ്രവര്‍ത്തനം പാഠ്യപദ്ധതിക്കൊപ്പം സജീവമാക്കാനുള്ള നിര്‍ദേശം ഉടന്‍ വരും. ഡി.പി.ഐ. എന്ന പേരുമാറ്റി ഡി.ജി.ഇ. എന്നതാക്കിയതുമാത്രമാണ് നിലവില്‍ നടന്നിട്ടുള്ള ഏകീകരണ നടപടി.
0 comments: