2022, ജൂൺ 30, വ്യാഴാഴ്‌ച

എഞ്ചിനീയറിംഗ് മാസ്റ്റേഴ്സ് കോഴ്സിന് ആളില്ല; സീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട്ടിലെ 16 കോളേജുകള്‍

എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ  ജനപ്രീതി ഇല്ലാതായതോടെ തമിഴ്‌നാട്ടിലെ  നിരവധി കോളേജുകൾ ഈ കോഴ്സുകൾ ഒഴിവാക്കണമെന്ന് ആവശ്യവുമായി രംഗത്ത്. 2022-23 അക്കാദമിക് വർഷത്തിൽ അണ്ണാ യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള 16 കോളേജുകൾ വിവിധ വിഷയങ്ങളിലുള്ള എഞ്ചിനീയറിംഗ് ബിദുദാനന്തര ബിരുദ  സീറ്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ വർഷം അണ്ണ യൂണിവേഴ്‌സിറ്റിയിലും  അതിന് കീഴിലെ കോളേജുകളിലുമായി 85% എംഇ, എംടെക്ക് സീറ്റുകൾ വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞു കിടന്നിരുന്നു.

അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം, 16 കോളേജുകളിൽ 5 കോളേജുകൾ പവർ ഇലക്ട്രോണിക്‌സ് കോഴ്‌സുകൾ റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കോളേജുകൾ പവർ സിസ്റ്റം എഞ്ചിനീയറിംഗ് സീറ്റുകളും 4 കോളേജുകൾ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ സീറ്റുകളും 5 കോളേജുകൾ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീറ്റുകളും റദ്ദാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കോഴ്‌സുകൾ കാലഹരണപ്പെട്ടതാണെന്ന് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച മുൻ പ്രിൻസിപ്പൽ കെ സെന്തിൽ വ്യക്തമാക്കി.

സീറ്റുകൾ റദ്ദാക്കാൻ കോളേജുകൾക്ക് അനുവാദം നൽകിയതായി അണ്ണാ യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു. 204 സീറ്റുകളാണ് ആകെ റദ്ദാക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ബിരുദ കോഴ്‌സിന് ആവശ്യക്കാർ ഏറെയാണ് എന്നതും ശ്രദ്ധേയമാണ്. 'കമ്പ്യൂട്ടർ സയൻസ് ബിരുദ കോഴ്‌സിന് ശേഷം മിക്ക വിദ്യാർത്ഥികളും ജോലിയിൽ പ്രവേശിക്കുന്നു. അതിനാൽ അവർ ബിരുദാനന്ദര ബിരുദം എടുക്കാൻ താൽപ്പര്യപ്പെടാറില്ല.' കോളേജ് പ്രിൻസിപ്പലായ കെ ശശിധരൻ പറഞ്ഞു.

നിലനിൽ 10,000 ബിരുദാനന്ദര ബിരുദ എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ വർഷം ആകെ 3,073 വിദ്യാർത്ഥികൾ മാത്രമാണ് അപേക്ഷ നൽകിയത്. പക്ഷേ, അതിൽ 1659 കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയത്. 2022ൽ ഈ കണക്ക് അൽപ്പം കൂടി ഭേദപ്പെട്ടതായിരുന്നു. 3770 വിദ്യാർത്ഥികൾ അപേക്ഷിക്കുകയും അതിൽ 2016 പേർ അന്ന് പ്രവേശനം നേടുകയും ചെയ്തിരുന്നു.

അതേസമയം, എംസിഎ കോഴ്‌സിന് വേണ്ടിയുള്ള ആവശ്യം വർദ്ധിയ്ക്കുകയാണ്. കുറഞ്ഞത് 4 കോളേജുകൾക്ക് പുതുതായി ഈ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ എംസിഎ സീറ്റുകൾ 330 എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി സമയത്ത് എഞ്ചിനീയറിംഗ് രംഗത്തെ നിരവധി ആളുകൾക്കാണ് ജോലി നഷ്ടമായത്. ലോകത്തിലെ ആകെ സാമ്പത്തിക ക്രമത്തിൽ ഉണ്ടായ തകർച്ച ഈ രംഗത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ ജോലി നഷ്ടപ്പെട്ട എഞ്ചിനീയറിംഗ് പ്രൊഫസർ ജീവിക്കാനായി കണ്ടെത്തിയത് മറ്റൊരുവഴിയാണ്. മുറുക്കുണ്ടാക്കി വിൽപന നടത്തി ഉപജീവനത്തിന് കാശ് കണ്ടെത്താനാണ് എഞ്ചിനീയറിംഗ് പ്രൊഫസർ തീരുമാനിച്ചത്. കോവിഡിന് മുൻപ് കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസറായിരുന്നു കൂടലൂർ സ്വദേശിയായ ടി മഹേശ്വരൻ. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കൂടിയായിരുന്നു അദ്ദേഹം.

0 comments: