2022, ജൂൺ 27, തിങ്കളാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധന; മൂന്നിടത്ത് 20 ശതമാനം

പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴ് ജില്ലകളില്‍ 30 ശതമാനവും മൂന്ന് ജില്ലകളില്‍ 20 ശതമാനവും ആനുപാതിക സീറ്റ് വര്‍ധനക്ക് ശിപാര്‍ശ.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വര്‍ധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്കും ശിപാര്‍ശയുണ്ട്.

എയ്ഡഡ് സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ വര്‍ധന 30 ശതമാനമായി ഉയര്‍ത്തി നല്‍കും. തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലയിലെ സ്കൂളുകളിലാണ് 20 ശതമാനം സീറ്റ് വര്‍ധനക്ക് ശിപാര്‍ശ. മറ്റ് ജില്ലകളില്‍ സീറ്റ് വര്‍ധന ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം എട്ട് ജില്ലകളിലായി 79 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരുന്നു. ആവശ്യകത പരിശോധിച്ച്‌ ഈ ബാച്ചുകള്‍ ഈ വര്‍ഷം കൂടി തുടരാനും ധാരണയായി.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധന പരിഗണിച്ചും സീറ്റ് ക്ഷാമം സംബന്ധിച്ച ആക്ഷേപം ഒഴിവാക്കാനുമാണ് ആദ്യഘട്ടത്തില്‍ തന്നെ സീറ്റ് വര്‍ധന നടപ്പാക്കാന്‍ ധാരണയായത്.

നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വര്‍ധനയിലൂടെയും താല്‍ക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തും. നിലവില്‍ പ്ലസ് വണ്‍ പ്രവേശനത്തില്‍ മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്‍റുകളാണുള്ളത്.ഇതു മൂന്നായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. ഇതുവഴി മെറിറ്റുള്ള കുട്ടികള്‍ക്ക് മുഖ്യഘട്ടത്തില്‍തന്നെ അലോട്ട്മെന്‍റ് ലഭിക്കുന്ന സാഹചര്യവും ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

0 comments: