2022, ജൂൺ 30, വ്യാഴാഴ്‌ച

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; സ്പോര്‍ട്സ് കൗണ്‍സില്‍ നടപടി തള്ളി വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കും മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ അറിവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളുടെ നടപടി തള്ളി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയന്‍റിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ബോണസ് പോയന്‍റുകള്‍ സംബന്ധിച്ച്‌ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോണസ് പോയന്‍റിനുള്ള സര്‍ട്ടിഫിക്കറ്റിനായി നീന്തല്‍ പരിശീലിക്കുന്നതിനിടെ കണ്ണൂരില്‍ 16കാരനും പിതാവും മുങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സംസ്ഥാന കായിക വകുപ്പ് കഴിഞ്ഞ ഏപ്രില്‍ 27ന് പുറപ്പെടുവിച്ച ഉത്തരവും ജൂണ്‍ 22ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അയച്ച കത്തും പരിഗണിച്ചാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പ്രാവീണ്യം പരിശോധിക്കാന്‍ തീരുമാനിച്ചത്.വിവിധ ജില്ലകളില്‍ ഇതിനായി നീന്തല്‍ക്കുളങ്ങളില്‍ പരിശോധനയും സംഘടിപ്പിച്ചിരുന്നു. നീന്തലിന് ഈ വര്‍ഷം മുതല്‍ ബോണസ് പോയന്‍റ് വേണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ മന്ത്രിതലയോഗം തത്ത്വത്തില്‍ അംഗീകരിക്കുകയും സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയുമാണ്.

സംസ്ഥാനത്തൊട്ടാകെ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ നീന്തല്‍ പ്രാവീണ്യപരിശോധന നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിരുന്നില്ല. കണ്ണൂരില്‍ വിദ്യാര്‍ഥിയും പിതാവും മരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതികരണത്തിന് തയാറായത്. നീന്തല്‍ പ്രാവീണ്യപരിശോധന നടത്തേണ്ടതില്ലെന്ന് കായിക വകുപ്പിനോ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്കോ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയാറായിരുന്നില്ല.

0 comments: