2022, ജൂൺ 28, ചൊവ്വാഴ്ച

ഇന്ത്യൻ ആർമിയിൽ 458 ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം; 29,200 രൂപ വരെ ശമ്പളം

 

ആർമിയിൽ വിവിധ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാചകക്കാരന്‍, എംടിഎസ് (ചൗക്കിദാര്‍), ബാര്‍ബര്‍, തോട്ടക്കാരൻ, തകരപ്പണിക്കാരന്‍ , ക്യാമ്പ് ഗാര്‍ഡ്, ഫയര്‍മാന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, സന്ദേശവാഹകന്‍ , ക്ലീനര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, സൗത്ത് സെന്ററിലെ ആര്‍മി സര്‍വീസ് കോര്‍പ്സ്  തുടങ്ങിയ തസ്തികകളിലേയ്ക്ക് 458 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികളാണ് ആരംഭിച്ചത്.

എല്ലാ അപേക്ഷകളും ഓഫ്‌ലൈനായാണ് അയക്കേണ്ടത്. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനൊപ്പം ഉചിതമായ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് വിലാസത്തോട് കൂടിയുള്ള രജിസ്റ്റര്‍ ചെയ്ത കവര്‍ വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഒഴിവുകളുടെ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനകം അപേക്ഷകള്‍ ലഭിക്കേണ്ടതാണ്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. ഒന്നില്‍ കൂടുതല്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വിദ്യാഭ്യാസ യോഗ്യത: 

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ മെട്രിക്കുലേഷന്‍ അതായത് പത്താം ക്ലാസ് അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം. ഇതുകൂടാതെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തസ്തികകളിലേക്ക് വേണ്ട ആവശ്യമായ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. സ്റ്റേഷന്‍ മാസ്റ്റര്‍ പോലുള്ള ചില തസ്തികകളില്‍, കുറഞ്ഞ യോഗ്യത 12-ാം ക്ലാസ് ആണ്. ഇതിനൊപ്പം ഈ മേഖലയിലെ പ്രവൃത്തിപരിചയം ആവശ്യമാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രായപരിധി:

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ 18 നും 25 നും ഇടയിലായിരിക്കണം ഉദ്യോഗാര്‍ത്ഥികളുടെ പ്രായം. അതേസമയം, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ തസ്തികയ്ക്ക് 27 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. കൂടാതെ, സംവരണ വിഭാഗങ്ങളില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവിന് അര്‍ഹതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അപേക്ഷിക്കേണ്ടത് എങ്ങനെ:

കുക്ക്, സിസിഐ, എംടിഎസ് (ചൗക്കിദാര്‍), തകരപ്പണിക്കാരന്‍, ഇബിആര്‍, ബാര്‍ബര്‍, ക്യാമ്പ് ഗാര്‍ഡ്, ഗാര്‍ഡനര്‍, സന്ദേശവാഹകന്‍/ റെനോ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രിസൈഡിംഗ് ഓഫീസര്‍, സിവിലിയന്‍ ഡയറക്ട് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സിഎച്ച്ക്യു, എഎസ്സി സെന്റര്‍ (സൗത്ത്) - 2 എടിസി, അഗ്രാം പോസ്റ്റ്, ബാംഗ്ലൂര്‍-07 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

എന്നാല്‍, സ്റ്റേഷന്‍ ഓഫീസര്‍, ഫയര്‍മാന്‍, എഫ്ഇഡി, ക്ലീനര്‍, ഫയര്‍ ഫിറ്റര്‍, സിഎംഡി എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിസൈഡിംഗ് ഓഫീസര്‍, സിവിലിയന്‍ ഡയറക്ട് റിക്രൂട്ട്മെന്റ് ബോര്‍ഡ്, സിഎച്ച്ക്യു, എഎസ്സി സെന്റര്‍ (നോര്‍ത്ത്)- 1 എടിസി, അഗ്രാം പോസ്റ്റ്, ബാംഗ്ലൂര്‍ -07 എന്ന വിലാസത്തിലുമാണ് അയക്കേണ്ടത്.

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ:

വിവിധ തസ്തികകളിലേക്ക് ആവശ്യമായ നൈപുണ്യ, ശാരീരിക, പ്രായോഗിക, എഴുത്തുപരീക്ഷയിലെ മെറിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷയില്‍ സാമാന്യ ബുദ്ധി, റീസണിംഗ്, പൊതു അവബോധം, ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവ ഉള്‍പ്പെടുന്ന നാല് ഭാഗങ്ങളായി മൊത്തം 100 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. എന്നാല്‍ ഇംഗ്ലീഷ് ഭാഷാ വിഷയത്തിന്റെ ഭാഗത്തെ ചോദ്യം ഇംഗ്ലീഷില്‍ മാത്രമായിരിക്കുമുള്ളത്.ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്ക് വീതം കുറയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 18,000 രൂപ മുതല്‍ 29,200 രൂപ വരെ ശമ്പള സ്‌കെയിലില്‍ ഡിഎയും മറ്റ് അലവന്‍സുകളും ലഭിക്കും.

0 comments: