2022, ജൂൺ 28, ചൊവ്വാഴ്ച

എയ്​ഡഡ്​ സ്കൂളുകള്‍ അനധികൃതമായി കൈവശം വെച്ച 10% പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു

സംസ്ഥാനത്തെ ഒരുവിഭാഗം എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനധികൃതമായി കൈവശംവെച്ച്‌, മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശനം നടത്തുന്ന പത്ത് ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു.മാനേജ്മെന്‍റ് ക്വോട്ടയില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ പ്രവേശനം നല്‍കുന്ന സീറ്റുകളാണ് തിരിച്ചെടുക്കാനും ഇവ ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റ് അടിസ്ഥാനത്തില്‍ നികത്താനും ധാരണയായത്.

ന്യൂനപക്ഷ/ പിന്നാക്ക വിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം സീറ്റുകള്‍ മാനേജ്മെന്‍റ് ക്വോട്ടയിലാണ്. ഇതിന് പുറമെ 20 ശതമാനം സീറ്റ് സ്കൂള്‍ നടത്തുന്ന മാനേജ്മെന്‍റ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനുള്ള കമ്യൂണിറ്റി ക്വോട്ട സീറ്റുകളുമാണ്.

ഈ സ്കൂളുകളില്‍ ഇതേ രീതിയിലാണ് പ്രവേശനം നടന്നുവരുന്നത്. എന്നാല്‍, ന്യൂനപക്ഷ/ പിന്നാക്ക ഇതര മാനേജ്മെന്‍റ് സ്കൂളുകളില്‍ 30 ശതമാനം സീറ്റുകളാണ് മാനേജ്മെന്‍റ് ക്വോട്ടയില്‍ നികത്തിയിരുന്നത്. ഇത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാണെന്ന് കണ്ടെത്തി കഴിഞ്ഞ വര്‍ഷം പത്ത് ശതമാനം സീറ്റുകള്‍ മാനേജ്മെന്‍റ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനത്തിന് മാറ്റിവെക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

മുന്നാക്ക സമുദായ സംഘടനകള്‍ നടത്തുന്ന സ്കൂളുകള്‍ ഇതേ രീതിയിലേക്ക് പ്രവേശനം മാറ്റിയിരുന്നു.എന്നാല്‍, ഏതെങ്കിലും സമുദായത്തെ പ്രതിനിധീകരിക്കാത്തതും പ്രത്യേക ട്രസ്റ്റുകള്‍ക്കോ സൊസൈറ്റികള്‍ക്കോ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുകയും നടപ്പാക്കുന്നതില്‍നിന്ന് ഇളവ് നേടുകയും ചെയ്തിരുന്നു. ഇതിലൂടെ 76 സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷം 30 ശതമാനം സീറ്റുകള്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശനം നടത്തിയിരുന്നു. പല സ്കൂളുകളും വന്‍ തുക തലവരി വാങ്ങിയാണ് മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ പ്രവേശനം നടത്തുന്നത്. ഇത്തരം സ്കൂളുകളിലെ പത്ത് ശതമാനം സീറ്റുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്ത് ഏകജാലക മെറിറ്റ് സീറ്റില്‍ ലയിപ്പിക്കുന്നത്. ഇതിനനുസൃതമായ ഭേദഗതികളോടെയായിരിക്കും പ്രവേശന പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുക.

0 comments: