സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
മാതാപിതാക്കള്‍ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകാര്‍ക്ക് 300 രൂപയും ആറു മുതല്‍ പത്തുവരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകള്‍ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളര്‍ഷിപ്പ്.
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം, മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍/ കോഴ്‌സുകളില്‍ പഠിക്കുന്നവരാകണം തുടങ്ങിയ ഏതാനും വ്യവസ്ഥകളുമുണ്ട്.
എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനും വിവരങ്ങള്‍ക്കും: suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.
0 comments: