എസ്‌എസ്‌എൽസി പരീക്ഷാ ഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും തുടർപഠനത്തെപ്പറ്റിയുള്ള ചിന്തകളിലേക്കും ചർച്ചകളിലേക്കും കൂടുതലായി കടക്കുകയാണ്. ഇക്കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം സ്വാഭാവികമാണ്. വിദ്യാർഥികളുടെ താൽപ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തിയാകണം ഉപരിപഠനത്തിനായി കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടത്. വിദ്യാർഥികളുടെ കഴിവും കഴിവുകേടും വിലയിരുത്തണം. ഉപരിപഠനം കേരളത്തിലോ പുറത്തോ വിദേശത്തോ എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം.
കോമ്പിനേഷൻ
പത്താം ക്ലാസിനുശേഷം പ്ലസ് ടു കോമ്പിനേഷൻ തെരഞ്ഞെടുക്കുന്നത് പ്ലസ് ടുവിനുശേഷമുള്ള താൽപ്പര്യമുള്ള ഉന്നതവിദ്യാഭ്യാസം പരിഗണിച്ചാകണം. കോഴ്സ് പൂർത്തിയാക്കിയാലുള്ള മാറ്റങ്ങൾ, പുത്തൻപ്രവണതകൾ എന്നിവ വിലയിരുത്തി കോഴ്സുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിയമം, ഡിസൈൻ, കേന്ദ്ര സർവകലാശാലാ കോഴ്സുകൾ, മാനേജ്മെന്റ് പ്രോഗ്രാം എന്നിവയ്ക്ക് ഏത് പ്ലസ് ടു ഗ്രൂപ്പും മതിയാകും.
എൻജിനിയറിങ്ങിൽ താൽപ്പര്യമില്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഒഴിവാക്കാം. മെഡിക്കൽ, കാർഷിക കോഴ്സുകളിൽ താൽപ്പര്യമില്ലെങ്കിൽ ബയോളജി ഗ്രൂപ്പ് ഒഴിവാക്കാം. ബിരുദത്തിനുശേഷം സിവിൽ സർവീസസ് പരീക്ഷയെഴുതാൻ ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാം. ചാർട്ടേഡ് അക്കൗണ്ടന്റാകാൻ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ്, ബിസിനസ് ഗ്രൂപ്പ് എടുക്കാം.
പ്രവേശനപരീക്ഷ ലക്ഷ്യമോ
പത്താം ക്ലാസ് കഴിഞ്ഞയുടനെ രക്ഷിതാക്കൾ മക്കളെ പ്ലസ് ടുവിനൊപ്പം എൻജിനിയറിങ്, മെഡിക്കൽ പ്രവേശനപരീക്ഷകളായ ജെഇഇ, നീറ്റ് പരീക്ഷാ കോച്ചിങ്ങിനും വിടാറുണ്ട്. എന്നാൽ, ഇത്തരം കോഴ്സുകളോട് താൽപ്പര്യമില്ലാത്തവരെ നിർബന്ധിപ്പിച്ച് വിടുന്നത് ഗുണം ചെയ്യില്ല. കുട്ടികളുടെ വിഷയ താത്‌പര്യം, ലഭിച്ച മാർക്ക് തുടങ്ങിയവയൊക്കെ പരിഗണിക്കണം.
എൻജിനിയറിങ്ങോ മെഡിസിനോ
എന്‍ജിനീയറിങ് പഠിക്കാന്‍ പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് കോഴ്സ് എടുക്കണം. പഠനത്തോടൊപ്പം പ്രവേശനപരീക്ഷയ്ക്കും തയ്യാറെടുക്കാം. ഐഐടി, എൻഐടി, ഐഐഐടികൾ,ഐസർ, ഐഐഎസ്‌ടി എന്നിവിടങ്ങളിൽ ബിടെക് പഠനമാണ് ലക്ഷ്യമെങ്കിൽ പ്ലസ് ടുവിനുശേഷം ജെഇഇ മെയിൻ, അഡ്വാൻസ്‌ഡ് പരീക്ഷകൾ എഴുതേണ്ടിവരും.
കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലും പഠിക്കാൻ കീം (KEAM ) എഴുതണം. പ്ലസ് ടുവിന് ബയോളജി ഗ്രൂപ്പ് എടുത്തവർക്ക് നീറ്റ് (NEET ) എഴുതാം. നീറ്റിന് രണ്ടു വർഷം പ്ലസ് ടു പഠനത്തോടൊപ്പം തയ്യാറെടുക്കണം. നീറ്റിൽ മികച്ച റാങ്ക് നേടിയാൽ കുറഞ്ഞ ഫീസിൽ സർക്കാർ മെഡിക്കൽ കോളേജുകൾ, ഡെന്റൽ, ആയുർവേദ, സിദ്ധ, യുനാനി, കാർഷിക, വെറ്ററിനറി, ഹോമിയോ, ഫിഷറീസ് കോളേജുകളിൽ പഠിക്കാം.
സയൻസ് മേഖല ഇഷ്ടം
സയൻസിൽ ഉപരിപഠനം നടത്താൻ ഐസറുകൾ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഐടികൾ തുടങ്ങി നിരവധി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. പ്രവേശനത്തിന് പ്ലസ്‌ടു പഠനത്തോടൊപ്പം കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന സ്കോളർഷിപ് ലഭിക്കാൻ ശ്രമിക്കണം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയും ജെഇഇ (അഡ്വാൻസ്ഡ്), നീറ്റ് സ്കോറുകൾ വഴിയും ഇന്റഗ്രേറ്റഡ് എംഎസ് പ്രോഗ്രാമിലേക്ക് ചേരാം. പ്ലസ് ടുവിന് സയൻസ് സ്‌ട്രീം തെരഞ്ഞെടുത്തവർക്കേ ഈ വഴി തെരഞ്ഞെടുക്കാനാകൂ.
വിദേശപഠനം
പ്ലസ് ടുവിനുശേഷം വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവരുണ്ട്. ഇതിനുള്ള തയ്യാറെടുപ്പ് പ്ലസ് വൺ പഠനത്തോടൊപ്പം നടത്തി, പ്ലസ് ടു ആദ്യപകുതിയിൽ പ്രാവീണ്യപരീക്ഷ എഴുതേണ്ടിവരും. 10–-ാം ക്ലാസിലെ മാർക്ക്, 11–-ാം ക്ലാസിലെ പഠന നിലവാരം, ടെസ്റ്റ് സ്കോറുകൾ എന്നിവ വിലയിരുത്തിയാണ് വിദേശത്ത് യുജി കോഴ്സിന് അഡ്മിഷൻ നൽകുന്നത്.താൽപ്പര്യമുള്ള പഠനമേഖല, തുടർ പഠന, ഗവേഷണ, തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തണം. ഇതിനനുസൃതമായി താൽപ്പര്യമുള്ള രാജ്യം കണ്ടെത്തണം. സാമ്പത്തികസ്ഥിതി വിലയിരുത്തണം. സ്‌കോളർഷിപ്, അസിസ്റ്റന്റ്ഷിപ്, പാർട്‌ടൈം തൊഴിൽ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത ആരായണം. ബാങ്ക് വായ്പയുടെ സാധ്യത പരിശോധിക്കണം.
ഏത് ഗ്രൂപ്പ് എടുത്താലുംപഠിക്കാവുന്ന മേഖലകൾ
ഏത് പ്ലസ് ടു ഗ്രൂപ്പ് എടുത്താലും പഠിക്കാവുന്ന നിരവധി ഉപരിപഠനമേഖലകളുണ്ട്. അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നവ. രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിഎസ്‌സി, ബിഎ, ബികോം ബിരുദ പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകൾ, വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ പ്രോഗ്രാം, ഇന്റഗ്രേറ്റഡ് നിയമപഠന കോഴ്സുകളായ ബിഎസ്‌സി എൽഎൽബി, ബിഎ എൽഎൽബി, ബികോം എൽഎൽബി പ്രോഗ്രാമുകൾ, കേന്ദ്ര സർവകലാശാലാ ബിരുദ കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ മാനേജ്മെന്റ്, കുലിനറി ആർട്സ്(Culinary arts) തുടങ്ങിയ കോഴ്സുകൾ ഇവയിൽപ്പെടും. കേരളത്തിലെ സർവകലാശാലകളിൽ നിരവധി യുജി കോഴ്‌സുകളുണ്ട്. സമീപകാലത്തായി തുടങ്ങിയ ന്യൂജെൻ കോഴ്‌സുകളും. ദേശീയ നിയമ സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ് നിയമപഠനത്തിനും ക്ലാറ്റും(CLAT) ഡിസൈൻ കോഴ്സുകൾക്ക് UCEED, NIFT, NID പ്രവേശന പരീക്ഷകളെഴുതാം. ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമിന് ജെഇഇ, കേന്ദ്ര സർവകലാശാലകളിൽ കുസെറ്റ് (CUCET)പരീക്ഷകൾക്ക് തയ്യാറെടുക്കണം. ഡീംഡ് സർവകലാശാലകൾക്ക് അവരുടേതായ പ്രവേശനപരീക്ഷകളുണ്ട്.
0 comments: