2022, ജൂൺ 14, ചൊവ്വാഴ്ച

നഴ്‌സിങ് ബിരുദപഠനത്തിന് (BSC NURSING) അപേക്ഷിക്കാം: വാര്‍ഷിക ട്യൂഷന്‍ഫീസ് 250 രൂപ

 

പ്രതിവര്‍ഷം 250 രൂപമാത്രം ട്യൂഷന്‍ ഫീ നല്‍കി, നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം), രണ്ടുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) കോഴ്‌സുകള്‍ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം.

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (പി.ജി.ഐ.എം.ഇ.ആര്‍.)ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ (എന്‍.ഐ.എന്‍.ഇ.) ആണ് അവസരം ഒരുക്കുന്നത്.

പ്ലസ് ടു/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്ക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് അപേക്ഷിക്കാന്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ്.മിഡ്വൈഫറി കോഴ്‌സ്, 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ ജൂലായ് 28-ന്.

കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്ന് 25 വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ്/കറന്റ്് അഫയേഴ്സ് എന്നിവയില്‍നിന്ന് യഥാക്രമം 15-ഉം 10-ഉം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ശരിയുത്തരത്തിന് ഒരു മാര്‍ക്കുവീതം കിട്ടും. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്കുവീതം നഷ്ടമാകും..

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയ്ക്കും ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (ജനറല്‍ നഴ്‌സിങ് നിലവാരമുള്ളവ) ഉണ്ടാകും. പരീക്ഷയുടെ വിശദമായ ഘടന pgimer.edu.in -ല്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന ലിങ്കുവഴി ലഭിക്കുന്ന പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ pgimer.edu.in വഴി ജൂണ്‍ 24 വരെ നല്‍കാം.

0 comments: