2022, ജൂൺ 8, ബുധനാഴ്‌ച

ഷോക്ക് അടിപ്പിക്കുന്ന ബില്‍ തന്ന് നമ്മെ സേവിക്കുന്ന കെഎസ്‌ഇബിക്കും പണി കൊടുക്കാം, ഈ സേവനങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുന്നില്ലെങ്കില്‍ നഷ്‌ടപരിഹാരം തരേണ്ടിവരും

 

വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം കേന്ദ്രം പുറത്തിറക്കി.വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുളളതും തടസ്സമില്ലാത്തതുമായ വൈദ്യുതി, ഉപഭോക്താക്കളുടെ അവകാശമാണ്. ഇതില്‍ കുറവോ തടസ്സമോ ഉണ്ടായാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം. നേരത്തെ പാര്‍ലമെന്റ് പാസാക്കിയ വൈദ്യുതിനിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവില്‍വന്നത്.

വിതരണ സംവിധാനം വളരെ മോശമാണെങ്കില്‍ അക്കാര്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ നിന്ന് അനുമതിയോടെ മാത്രമേ മൂന്നു മിനിട്ട് എന്ന സമയപരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റര്‍ ഉടന്‍ മാറ്റിനല്‍കാന്‍ സംസ്ഥാനങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാക്കണം. വൈദ്യുതി ബില്‍ സുതാര്യവും ജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലുമാകണം. അതില്‍ പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം. ഇതിനായി പ്രത്യേകം കണ്‍സ്യൂമര്‍ ഗ്രീവന്‍സ് സെല്‍ മാനേജര്‍മാരെ നിയമിക്കണം.നിലവില്‍ വൈദ്യുതി ബില്‍ സംസ്ഥാനത്ത് സുതാര്യമല്ലെന്ന് പരാതിയുണ്ട്.

താത്ക്കാലിക വൈദ്യുതി കണക്ഷന്‍, അപേക്ഷിച്ച്‌ 48 മണിക്കൂറിനകം നല്‍കണം. പുതിയ വൈദ്യുതി കണക്ഷന്‍ നഗരങ്ങളില്‍ 7 ദിവസത്തിനകവും മുനിസിപ്പാലിറ്റികളില്‍ 15ദിവസത്തിനകവും ഗ്രാമങ്ങളില്‍ 30ദിവസത്തിനകവും നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.

നഷ്ടപരിഹാരം നല്‍കേണ്ട വീഴ്ചകള്‍

*വൈദ്യുതി നഷ്ടപ്പെട്ട് നിശ്ചിതസമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍

*ദിവസത്തില്‍ ഒന്നിലേറെ തവണ വൈദ്യുതി നഷ്ടപ്പെട്ടാല്‍

*കണക്ഷന്‍,റീകണക്ഷന്‍ എന്നിവയ്ക്ക് അനാവശ്യകാലതാമസമുണ്ടായാല്‍

*വൈദ്യുതി കണക്ഷന്‍ കാറ്റഗറി മാറാന്‍ കാലതാമസമുണ്ടായാല്‍

*കേടായ മീറ്റര്‍ മാറ്റിവയ്ക്കാന്‍ വൈകിയാല്‍

*വൈദ്യുതി ബില്ലിന്റെ പിരീഡ് അപേക്ഷയില്ലാതെ മാറ്റിയാല്‍

*വോള്‍ട്ടേജ് ക്ഷാമമുണ്ടായാല്‍

*വൈദ്യുതി ബില്‍ തര്‍ക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കില്‍

0 comments: