2022, ജൂലൈ 9, ശനിയാഴ്‌ച

കെഎസ്‌ഇബിയുടെ പകല്‍ കൊള്ള; സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ ഈടാക്കുന്നത് അധിക തുക - KSEB

സംസ്ഥാനത്ത് വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനോടൊപ്പം കെഎസ്‌ഇബിയുടെ (KSEB) പകല്‍ കൊള്ള.സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലാണ് ഉപഭോക്താക്കളില്‍ നിന്നും അധിക തുക വാങ്ങുന്നത്. എന്നാല്‍ നിലവിലുള്ള ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നതെന്നും ഇതിന് വൈദ്യുത ചാര്‍ജ് വര്‍ദ്ധനവുമായി ബന്ധമില്ലെന്നുമാണ് വകുപ്പ് മന്ത്രിയുടെ വാദം.

2014ലെ ഇലക്‌ട്രിസിറ്റി സപ്ലൈ ചട്ടപ്രകാരം പ്രീപെയ്ഡ് കണക്ഷന്‍ അല്ലാത്ത ഉപഭോക്താക്കളില്‍ നിന്നാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി കെഎസ്‌ഇബി അധികതുക ഈടാക്കുന്നത്. മൂന്നുമാസ ബില്ലിംഗ് ഉള്ളവര്‍ ശരാശരി തുകയുടെ രണ്ടിരട്ടിയും പ്രതിമാസ ബില്ലിംഗ് ഉള്ളവര്‍ മൂന്നിരട്ടി തുകയും ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടിവരുന്നു. കൊറോണ കാലം കണക്കിലെടുത്ത് ഉപഭോക്താക്കളുടെ പക്കല്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്‌ക്ക് കെഎസ്‌ഇബി റെഗുലറ്ററി ആക്‌ട് പ്രകാരം ഇളവുകള്‍ നല്‍കിയിരുന്നു. ഇനിയും ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലന്നാണ് വൈദ്യുതി വകുപ്പ് അറിയിക്കുന്നതും.

സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങുന്ന പണം കൂടുതലാണെങ്കില്‍ അടുത്ത ബില്ലില്‍ കുറയ്‌ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. വൈദ്യുത ഉപകരണങ്ങള്‍ക്കും ലൈനിനും സൈക്യൂരിറ്റി ഡെപോസിറ്റ് അടയ്‌ക്കണം. കാലാവധി കഴിഞ്ഞാല്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ കണക്ഷന്‍ വിഛേദിക്കുമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

0 comments: