2022, ജൂലൈ 24, ഞായറാഴ്‌ച

വീണ്ടും കെഎസ്‌ഇബി 'ഷോക്ക്'- 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം


500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ല.ബില്‍ തുക 500ന് മുകളിലാണെങ്കില്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താക്കള്‍ക്ക് വീണ്ടും ഷോക്ക് നല്‍കി തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങുകയാണ് കെഎസ്‌ഇബി. ഇതുസംബന്ധിക്കുന്ന ഉത്തരവും പുറത്തിറക്കി.

സമ്ബൂര്‍ണ ‍ഡിജിറ്റല്‍ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ പണവുമായി നേരിട്ട് വരുന്നവ‍‍ര്‍ക്ക് മൂന്ന് തവണ ഇളവ് നല്‍കുമെന്ന് പുതുക്കിയ ഉത്തരവില്‍ ഡിസ്ട്രിബ്യൂഷന്‍ ഡയറക്ട‍ര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കെഎസ്‌ഇബിയിലെ ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ് സൗകര്യം വളരെ കുറച്ച്‌ പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച്‌ 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്‍ അടയ്ക്കുന്നത്. ഓണ്‍ലൈന്‍ മാത്രമായി ബില്ലടയ്ക്കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്ബ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ നിര്‍ബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നി‍ര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പണവുമായി എത്തുന്നവര്‍ക്ക് കുറച്ച്‌ തവണ ഇളവ് നല്‍കാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പുതിയ ഉത്തരവിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.


0 comments: