പ്ലസ് ടുക്കാര്‍ക്ക് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്. പരീക്ഷകളിലെ മികച്ച സ്‌കോറുകൾ പ്രവേശനം എളുപ്പമാകും.
നീറ്റ്(NEET)
ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്(NEET). പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് നീറ്റ് പരീക്ഷയെഴുതാം.നീറ്റിൽ മൊത്തം 720 മാർക്കിന്റെ 180 ചോദ്യമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽനിന്ന് 45 വീതം ചോദ്യം. നെഗറ്റീവ് മാർക്കിങ് രീതി നിലവിലുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. കേരളത്തിൽ നീറ്റ് വഴി പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ കീം(KEEM)ൽ രജിസ്റ്റർ ചെയ്യണം. എയിംസ്, ജിപ്മർ, എഎഫ്‌എംസി, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.
എൻജിനിയറിങ് പ്രവേശന പരീക്ഷകൾ
എൻജിനിയറിങ് പ്രവേശന പരീക്ഷകളായ ജെഇഇ, കീം, കുസാറ്റ് എന്നിവ കൂടുതൽ വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളാണ്. ജെഇഇ യ്ക്കു മെയിൻ, അഡ്വാൻസ്‌ഡ് പരീക്ഷകളുണ്ട്. കേരളത്തിൽ എൻജിനിയറിങ് പ്രവേശനം പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിലൂടെയാണ്. രാജ്യത്തെ എൻഐടി, ഐഐഐടികൾ എന്നിവിടങ്ങളിൽ എൻജിനിയറിങ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെഇഇ മെയിനിലും ഐഐടി കളിലേക്ക് ജെഇഇ അഡ്വാൻസ്ഡിലും മികച്ച റാങ്ക് ആവശ്യമാണ്. ജെഇഇ മെയിൻ വർഷത്തിൽ രണ്ടു തവണയുണ്ടാകും. രാജ്യത്തെ എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, നാൽപ്പതോളം ദേശീയ സ്ഥാപനങ്ങൾ, ഐഐഎസ്‌ടി എന്നിവിടങ്ങളിൽ ബിടെക് പ്രവേശനത്തിന് ജെഇഇ മെയിൻ സ്കോർ പരിഗണിക്കും. ഐഐടികളിൽ പ്രവേശനം ലഭിക്കാൻ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച സ്കോർ നേടണം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാൻ, ബിആർക് കോഴ്സുകൾക്ക് പ്രവേശനം നേടാം.
കേരളത്തിൽ
കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ മേഖലയിലെ എൻജിനിയറിങ് കോളേജുകളിൽ ബിടെക് പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന കീംമിൽ മികച്ച റാങ്ക് നേടണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രവേശനത്തിന് പ്രത്യേകം പൊതുപരീക്ഷയുണ്ട്. മറൈൻ എൻജിനിയറിങ് കോഴ്‌സും ഇവിടെ ഉണ്ട്.
കേരളത്തിൽ എൻജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ സ്കോറിനോടൊപ്പം പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ മാർക്കും പരിഗണിക്കും. ആർക്കിടെക്ചറിന് നാറ്റാ റാങ്ക് പരിഗണിക്കും. ബിഫാം അഡ്മിഷന് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ/അനുബന്ധ കോഴ്സുകൾ, ആയുർവേദം, ബിഫാം എന്നീ കോഴ്സുകൾക്കായി അഞ്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, ബിഎസ്‌എംഎസ്, ബിഎസ്‌സി അഗ്രി, ബിവിഎസ്‌സി, എഎച്ച്, ബിഎഫ്‌എസ്‌സി കോഴ്‌സുകൾക്ക് പ്രവേശനം നേടാം.
ഐക്കർ(ICAR)
അഖിലേന്ത്യാ തലത്തിലുള്ള 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് ഐക്കർ(ICAR) പ്രവേശന പരീക്ഷയുണ്ട്. കീം റാങ്ക് ലിസ്റ്റിൽനിന്ന് കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് & ഓഷ്യാനോഗ്രഫി സർവകലാശാല എന്നിവിടങ്ങളിലേക്ക് ബിടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ്, ഫുഡ് എൻജിനിയറിങ്, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബിഫാം കോഴ്‌സുകൾക്ക് പ്രവേശനം നടക്കും. ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളായ എൻഐഎഫ്‌ടിഇഎം( NIFTEM) ഹരിയാന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്ക് പ്രവേശനം ജെഇഇ മെയിൻ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.
ഐസറുകൾ
ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സ്ഥാപനമാണ് ഐസറുകൾ. രാജ്യത്തെ ഐസറുകളിൽ (ബെർഹാംപൂർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി) പ്ലസ് ടു സയൻസ് സ്ട്രീം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബിഎസ്/എംഎസ് പ്രോഗ്രാമിന് മൂന്നു രീതിയിലാണ് പ്രവേശന പ്രക്രിയ. സ്റ്റേറ്റ്, സെൻട്രൽ, പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഐസർ അഭിരുചി പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ് ടുവിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 11, 12 ക്ലാസുകളിൽ നടത്തിയ കെവിപിവൈ സ്കോളർഷിപ്പ് നേടിയവർക്കും ജെഇഇ(അഡ്വാൻസ്‌ഡ്)ൽ മികച്ച റാങ്കുള്ളവർക്കും സെപ് തംബർ 15 വരെ അപേക്ഷിക്കാം. ഇവർ അഭിരുചി പരീക്ഷ എഴുതേണ്ടതില്ല. വെബ്‌സൈറ്റ്: www.iiseradmission.in
0 comments: